ഡല്‍ഹിയില്‍ ബിജെപി ആധികാരിക വിജയം നേടുമ്പോഴും വോട്ടിങ് ശതമാനത്തില്‍ എഎപിക്ക് കാര്യമായ ഇടിവില്ല. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും തമ്മില്‍ വോട്ടിങ് ശതമാനത്തിലുള്ള വ്യത്യാസം 2.11 ശതമാനം മാത്രമാണ്. ഡല്‍ഹിയിലെ പരാജയത്തിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയിലും കോണ്‍ഗ്രസിലും പാളയത്തില്‍ പട തുടങ്ങി.
വിജയം ഉറപ്പിച്ച് പോരാട്ടത്തിനിറങ്ങിയ ആം ആദ്മി പാര്‍ട്ടിയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയില്‍ ഞെട്ടിയിരിക്കുകയാണ് നേതാക്കളും പ്രവര്‍ത്തകരും. അഴിമതി തൂത്തെറിയുമെന്ന് പ്രഖ്യാപിച്ച് ചൂലെടുത്ത ആം ആദ്മി പാര്‍ട്ടിയെ തൂത്തെറിഞ്ഞാണ് ഡല്‍ഹിയുടെ അധികാര സിംഹാസനം ബിജെപി സ്വന്തമാക്കിയത്.
ആം ആദ്മിയുടെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും അടിതെറ്റി വീണപ്പോള്‍ ആശ്വാസമായത് മുഖ്യമന്ത്രിയായ അതിഷിയുടെ വിജയം മാത്രമാണ്. 70 സീറ്റുകളില്‍ 48 സീറ്റും സ്വന്തമാക്കിയാണ് ബിജെപി ആധിപത്യം നേടിയത്. എഎപി 22 സീറ്റിലേക്ക് ചുരുങ്ങുകയും ചെയ്തു. പരാജയത്തിന് പിന്നാലെ എഎപിയ്ക്കുള്ളില്‍ തന്നെ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരിക്കുകയാണ്.
ഫലം വന്നതിന് പിന്നാലെ പരിഹാസവുമായി രാജ്യസഭാംഗം സ്വാതി മലിവാള്‍ രംഗത്ത് വന്നു. ദ്രൗപതിയുടെ വസ്ത്രാക്ഷേപം ചെയ്യുന്ന കൗരവപ്പട, രക്ഷകനായി ശ്രീകൃഷ്ണന്‍ വരുന്ന ചിത്രമാണ് എം.പി സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവെച്ചത്.
അന്നാ ഹസാരെയും കേജ്രിവാളിനെതിരെ രംഗത്ത് വന്നു. ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പകരം അദ്ദേഹത്തിന്റെ ശ്രദ്ധ മദ്യത്തിലായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സീറ്റൊന്നും ലഭിക്കാതെ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിനെതിരെ ഇന്ത്യ മുന്നണിയിലെ അംഗങ്ങള്‍ തന്നെ രംഗത്ത് വന്നു.
പരസ്പരം കലഹിച്ച് അവസാനിക്കു എന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള തുറന്നടിച്ചു. വരും ദിവസങ്ങളില്‍ ആം ആദ്മി പാര്‍ട്ടിയെയും കോണ്‍ഗ്രസിനെയും പ്രതിരോധത്തിലാക്കി കൂടുതല്‍ നേതാക്കള്‍ രംഗത്ത് വരാനാണ് സാധ്യത.