ബിജെപി സംസ്ഥാന പ്രസിഡന്റ് ആരാകും എന്നതില്‍ തീരുമാനം ഇന്നറിയാം. പ്രസിഡന്റുസ്ഥാനത്തേക്ക് പരിഗണിക്കുന്ന നേതാവില്‍ നിന്ന് ഇന്ന് നാമനിര്‍ദേശ പത്രിക സ്വീകരിക്കും.ഇന്ന് ചേരുന്ന കോര്‍കമ്മിറ്റിയിലാണ് പത്രിക സമര്‍പ്പണം നടക്കുക. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. നിലവിലുള്ള പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടരുമോ അതോ മറ്റാരുടെയെങ്കിലും കൈകളില്‍ പദവിയെത്തുമോ എന്നതാണ് പാര്‍ട്ടിഘടകങ്ങള്‍ ഉറ്റുനോക്കുന്നത്.
അതേസമയം സംസ്ഥാന പ്രസിഡന്റിനെ നിശ്ചയിക്കുന്നത് പൂര്‍ണമായും കേന്ദ്ര ഘടകത്തിന്റെ തീരുമാനമായതിനാല്‍ ആരാകും അടുത്ത സംസ്ഥാന പ്രസിഡന്റ് എന്നതില്‍ നേതാക്കള്‍ക്കും സൂചനകളൊന്നുമില്ല. എന്നാല്‍ ആദ്യ ടേം കഴിഞ്ഞും തുടരുന്ന സുരേന്ദ്രന് പകരം ജനറല്‍ സെക്രട്ടറി എംടി രമേശിന് അനുകൂല സാഹചര്യമാണെന്നാണ് പി കെ കൃഷ്ണദാസ് പക്ഷം പറയുന്നത്. അതേസമയം വനിതാ പ്രസിഡന്റുമതിയെന്ന് കേന്ദ്രഘടകം തീരുമാനിച്ചാല്‍ ശോഭാ സുരേന്ദ്രന്റെ സാധ്യതയും തള്ളിക്കളയാനാകില്ല.