ബംഗളൂരു: ബംഗളൂരു സൗത്ത് ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്റുമായ തേജസ്വി സൂര്യ വിവാഹിതനായി. കര്‍ണാടിക് പിന്നണി ഗായിക ശിവശ്രീ സ്‌കന്ദപ്രസാദ് ആണ് വധു.ബംഗളൂരുവിലെ കനകപുര റോഡിലെ റിസോര്‍ട്ടിലാണ് ചടങ്ങുകള്‍ നടന്നത്. ഇരു കുടുംബങ്ങളിലെയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പരമ്പരാഗതമായ രീതിയിലായിരുന്നു വിവാഹം.
ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, കേന്ദ്ര മന്ത്രിമാരായ വി സോമണ്ണ, അര്‍ജുന്‍ റാം മേഘ്വാള്‍, ബിജെപി എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.ഈ വര്‍ഷം ആദ്യം ശിവശ്രീയെ തേജസ്വി സൂര്യ വിവാഹം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബയോ എന്‍ജിനീയറിങ് ബിരുദധാരിയായ ശിവശ്രീ ചെന്നൈ സംസ്‌കൃത കോളജില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്. ശിവശ്രീ ഭരതനാട്യ നര്‍ത്തകി കൂടിയാണ്.അടുത്തിടെ തേജസ്വി സൂര്യയും ശിവശ്രീയും ശ്രീ ശ്രീ രവിശങ്കറിന്റെ ആശ്രമത്തില്‍ അനുഗ്രഹം തേടി എത്തിയിരുന്നു.