Share this Article
image
കാണാതായതിന് ശേഷമുള്ള നിര്‍ണായക മണിക്കൂറുകള്‍ നഷ്ടപ്പെടുത്തി, 48 മണിക്കൂറിനുള്ളില്‍ പൊലീസ് ഒന്നും ചെയ്തില്ല'; വിമര്‍ശിച്ച് സിബിഐ
വെബ് ടീം
posted on 02-01-2024
1 min read
JASNA MISSING CASE CBI on local Police enquiry

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നിന്ന് അഞ്ച് വര്‍ഷം മുമ്പ് ജെസ്‌നാ മരിയാ ജെയിംസിനെ കാണാതായ സംഭവത്തില്‍ ലോക്കല്‍ പൊലീസിന് സിബിഐയുടെ വിമർശനം. വര്‍ഷങ്ങളായി പല തരത്തില്‍ അന്വേഷണം നടത്തിയെങ്കിലും ജെസ്‌നയെ കണ്ടെത്താനായില്ലെന്നും എന്തു സംഭവിച്ചു എന്നതിന് തെളിവില്ലെന്നും വ്യക്തമാക്കി അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ സിബിഐ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിനെതിരെ വിമര്‍ശനം. 

ജെസ്‌നയെ കാണാതായതിന് തൊട്ടുപിന്നാലെയുള്ള നിർണായകമായ ആദ്യ മണിക്കൂറുകള്‍ പൊലീസ് കളഞ്ഞു. ജെസ്‌നയെ കണ്ടെത്താന്‍ 48 മണിക്കൂറിനുള്ളില്‍ പൊലീസ് ഒന്നും ചെയ്തില്ല. ഒരാഴ്ച കഴിഞ്ഞാണ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. അങ്ങനെ ഒരു തെളിവും ലഭിച്ചിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 

നിര്‍ണായക വിവരങ്ങള്‍ ലഭിക്കാതെ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുമ്പോള്‍ തുടര്‍ അന്വേഷണം നടത്താമെന്നും സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമനിക് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന ജെസ്നാ മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞാണ് ജെസ്ന വീട്ടില്‍ നിന്നും ഇറങ്ങിയത്. എരുമേലി വരെ ബസില്‍ വന്നതിന് തെളിവുകളുണ്ട്. ചിലകടകളിലും സിസിടിവി ദൃശ്യങ്ങളിലും ജസ്നയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. 

മൂന്ന് വര്‍ഷമെടുത്ത് രാജ്യത്തിന് അകത്തും പുറത്തും സിബിഐ അന്വേഷിച്ചെങ്കിലും ജസ്നയെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യം വെച്ചൂച്ചിറ പൊലീസാണ് കേസ് അന്വേഷിച്ചത്.പിന്നീട് തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി. അതുകൊണ്ടും പ്രയോജനമില്ലാതെ വന്നപ്പോള്‍ ക്രെംബ്രാഞ്ചിനെ ഏല്‍പിച്ചു. ഒടുവില്‍ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സിബിഐ വിപുലമായ അന്വേഷണമാണ് നടത്തിയത്.രണ്ടുപേരെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കി. എന്നിട്ടും ഫലമുണ്ടായില്ല. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories