Share this Article
ശരീരഭാഗത്ത് കൈവച്ചയാളെ പിന്നാലെ പോയി പിടിച്ചുനിർത്തി അടിച്ച് ഐശ്വര്യ; അവതാരകയ്ക്കു നേരെ ലൈംഗിക ആക്രമണം
വെബ് ടീം
posted on 03-01-2024
17 min read
aiswarya raghupathy complaint

ധനുഷ് ചിത്രം ‘ക്യാപ്റ്റൻ മില്ലറിന്റെ’ പ്രി റിലീസ് ഇവന്റിനിടെ അവതാരകയ്ക്കു നേരെ ലൈംഗിക ആക്രമണം. അവതാരകയായ  ഐശ്യര്യ രഘുപതിക്കു നേരെയാണ് യുവാവ് മോശമായി പെരുമാറിയത്. ഐശ്വര്യ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തനിക്ക് നേരിട്ട് ദുരനുഭവം വെളിപ്പെടുത്തിയിട്ടുണ്ട്. 

സംഭവത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആൾക്കൂട്ടത്തിനിടയിൽ രണ്ടു സ്ത്രീകൾ നിൽക്കുന്നതും ഒരാൾ തന്നെ ഉപദ്രവിച്ചവന്റെ മുഖത്ത് അടിക്കുന്നതുമാണ് വിഡിയോയിൽ കാണുന്നത്. വിഡിയോയിൽ ഐശ്വര്യയെ കാണാം. ഉപദ്രവിച്ച ആളുടെ മുഖത്ത് അടിക്കുന്നതിന് മുമ്പ് ആ മനുഷ്യനോട് തന്റെ കാൽക്കൽ വീഴാൻ ആവശ്യപ്പെടുന്നുണ്ട്. 


‘ആ കൂട്ടത്തിൽ ഒരാൾ എന്നെ ശല്യപ്പെടുത്തി. ഞാൻ ഉടനെ തന്നെ അവനെ നേരിട്ടു.  അടി കൊടുക്കുന്നതുവരെ അവനെ പോകാൻ ഞാൻ അനുവദിച്ചില്ല. അവൻ ഓടി രക്ഷപെടാൻ നോക്കി, പക്ഷേ ഞാൻ അവന്റെ പിന്നാലെ പോയി പിടിച്ചു നിർത്തി. ഒരു സ്ത്രീയുടെ ശരീരഭാഗത്ത് കൈവച്ചിട്ട് കൂസലില്ലാതെ കടന്നുകളയുന്നത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഞാൻ അവനുനേരെ ഒച്ചവയ്ക്കുകയും അവനെ അടിക്കുകയും ചെയ്തു. എനിക്ക് ചുറ്റുമുണ്ടായിരുന്നത് വളരെ നല്ല ആളുകളായിരുന്നു, ലോകത്തിൽ ദയയും ബഹുമാനവുമുള്ള ധാരാളം മനുഷ്യർ അവശേഷിക്കുന്നുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഒരു ചെറിയ ശതമാനം രാക്ഷസന്മാർ ഉള്ള ലോകത്ത് ജീവിക്കാൻ തന്നെ ഭയം തോന്നുന്നു.’’  ഐശ്വര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അവതാരകയുടെ ദേഹത്ത് കൈവച്ച ആൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ രോഷം ആഞ്ഞടിക്കുകയാണ്.  ‘‘പ്രിയപ്പെട്ട ക്യാപ്റ്റൻമില്ലർ ടീം, വലിയ സ്റ്റേജുകളിൽ ഇവന്റ് സംഘടിപ്പിക്കുന്നതിന് മുമ്പ് ദയവായി ഫാൻ പാസുകൾ ഉറപ്പാക്കുക. നിങ്ങൾക്ക് ആരാധകരുടെ കുറവുണ്ടെങ്കിൽ, വലിയ സ്റ്റേജുകളിൽ ഇത്തരം പരിപാടികൾ നടത്തരുത്. സൗജന്യ പാസുകൾ നൽകുന്നത് ഇത്തരത്തിലുള്ള മോശം കാര്യങ്ങളിലേക്ക് നയിക്കും. ആ പെൺകുട്ടി പ്രതികരിച്ചത് വളരെ നല്ലകാര്യമാണ്.’’–അരുൺ എന്ന പ്രേക്ഷകൻ സമൂഹമാധ്യമത്തിൽ കുറിച്ചു.

ജനുവരി മൂന്നിന് ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ ധനുഷും ക്യാപ്റ്റൻ മില്ലറിന്റെ മുഴുവൻ ടീമും പങ്കെടുത്ത ചടങ്ങിനിടെയാണ് അവതാരകയ്ക്ക് ദുരനുഭവമുണ്ടായത്. ക്യാപ്റ്റൻ മില്ലർ ജനുവരി 12ന് പൊങ്കൽ റിലീസിന് തയാറെടുക്കുകയാണ്.  പ്രി റിലീസ് പരിപാടിയിൽ നടൻ ധനുഷും ക്യാപ്റ്റൻ മില്ലറിന്റെ മുഴുവൻ ടീമും പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയും ധനുഷിനെ പ്രോത്സാഹിപ്പിക്കാനും അണിയറപ്രവർത്തകർക്കൊപ്പം നടന്റെ ആരാധകരും വൻതോതിൽ തടിച്ചുകൂടിയിരുന്നു.

പ്രിയങ്ക അരുൾ മോഹൻ, ശിവ രാജ്കുമാർ, സൺദീപ് കിഷൻ, ജോൺ കോക്കൻ, എഡ്വേർഡ് സോണൻബ്ലിക്ക് എന്നിവരും ക്യാപ്റ്റന്‍ മില്ലറിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories