ഹൈദരാബാദ്: സഹോദരനെ സ്കൂൾ ബസ് കയറ്റിവിടാൻ പോയ ഒന്നര വയസുകാരി അച്ഛന്റെ മുന്നിൽവെച്ച് അതേ ബസിടിച്ചു മരിച്ചു. പാലാ വയലാ സ്വദേശി മിഥുൻ ജെ പാറയ്‌ക്കലിന്റെ മകൾ ജൂവൽ അന്ന മിഥുൻ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒയുപിഎസ് സർക്കിളിലെ ഹബ്‌സിഗുഡയിലായിരുന്നു അപകടം.
എൻജീനിയറായ മിഥുൻ കുടുംബത്തോടൊപ്പം ഹബ്സിഗുഡ സ്ട്രീറ്റ് എട്ട് ഭാഗത്താണു താമസം. പതിവു പോലെ മൂത്ത മകൻ ജോർജിനെ സ്കൂൾ ബസ് കയറ്റിവിടാൻ പോകുമ്പോഴാണ് അപകടമുണ്ടായത്.
മിഥുൻ റോഡിലേക്ക് ഇറങ്ങുന്നത് കണ്ട് അകത്തു നിന്ന ജൂവൽ ഓടിയിറങ്ങുകയായിരുന്നു. സ്കൂൾ ബസ് പിന്നിലേക്ക് എടുത്തപ്പോൾ കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. സംസ്കാരം ഇന്നു 11നു വയലാ സെന്റ് ജോർജ് പള്ളിയിൽ.