കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കായി തയ്യാറാക്കിയ വോള്‍വോ ബസില്‍ ലിഫ്റ്റ് മുതല്‍ കോണ്‍ഫറന്‍സ് റൂം വരെ. ജാഥ ആള്‍ക്കൂട്ടത്തിലേക്ക് എത്തുമ്പോള്‍ രാഹുല്‍ ബസിന് മുകളിലേക്ക് ഉയര്‍ന്നുവരുന്ന ലിഫ്റ്റില്‍ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയിലാണ് ക്രമീകരണം. എട്ടുപേര്‍ക്ക് ഇരുന്ന് യോഗം ചേരാവുന്ന കോണ്‍ഫറന്‍സ് റൂം ബസിനകത്ത് ഉണ്ട്. യാത്രയ്ക്കിടെ ജനങ്ങളുമായി രാഹുല്‍ സംവദിക്കും. ബസിന് പുറത്ത് സ്ഥാപിച്ച സ്‌ക്രീനിലൂടെ ജനങ്ങള്‍ക്ക് അത് തത്സമയം കാണാനാവും. തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബസാണിത്.
മാര്‍ച്ച് വരെ 66 ദിവസം നീളുന്ന ബസ് യാത്രയില്‍ 15 സംസ്ഥാനങ്ങളിലൂടെ രാഹുല്‍ സഞ്ചരിക്കും. ദിവസേന ഏതാനും കിലോമീറ്റര്‍ പദയാത്രയുമുണ്ട്. 6,713 കിലോമീറ്റര്‍ നീളുന്ന യാത്ര മുംബൈയില്‍ സമാപിക്കും. മണിപ്പൂരില്‍ തുടരുന്ന യാത്രയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉയര്‍ത്തിയത്. പ്രധാനമന്ത്രി മണിപ്പൂരിനെ അവഗണിച്ചെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതിന്റെ കാരണവും രാഹുല്‍ റാലിയില്‍ ജനങ്ങളോട് പറയുന്നുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മണിപ്പൂരില്‍ ഐക്യവും സമാധാനാവും സ്‌നേഹവും തിരികെയെത്തിക്കുമെന്നും രാഹുല്‍ പറഞ്ഞു.
യാത്ര ഇന്ന് വൈകിട്ടോടെ നാഗാലന്‍ഡ് അതിര്‍ത്തിയില്‍ എത്തും. കലാപം നടന്ന കാങ്പോക്പി, സേനാപതി എന്നിവിടങ്ങളില്‍ രാഹുല്‍ ഗാന്ധി സംസാരിക്കും. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കന്യാകുമാരിയില്‍ നിന്നാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.