Share this Article
image
ഷിപ്പിങ് മേഖലയിലേത് വന്‍ കുതിച്ചുചാട്ടം; 4000 കോടിയുടെ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി; പദ്ധതിയിൽ മെയ്ഡ് ഇന്‍ കേരളയുടെ സംഭാവന ചെറുതല്ലെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 16-01-2024
1 min read
/pm-narendramodi-launches-4000cr-mega-projects-in-kerala

കൊച്ചി: നാലായിരം കോടിയുടെ പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ മൂന്നു വന്‍കിട പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഷിപ്പ് യാര്‍ഡിലെ പുതിയ ഡ്രൈഡോക്ക് രാജ്യത്തിന് അഭിമാനമാണ്. പുതിയ പദ്ധതികള്‍ വികസനത്തിന്റെ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പദ്ധതികല്‍ യാഥാര്‍ത്ഥ്യമായതോടെ ചരക്കുകപ്പലുകള്‍ക്ക് കാത്തുകെട്ടിക്കിടക്കേണ്ട സാഹചര്യം ഒഴിവായി. കപ്പല്‍ അറ്റകുറ്റപ്പണിക്ക് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാകും. ഇതുവഴി കോടികള്‍ വിദേശത്തേക്ക് ഒഴുകുന്നത് നില്‍ക്കും. പദ്ധതികല്‍ ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി വികസനത്തിന് കുതിപ്പേകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കേന്ദ്ര പരിഷ്‌കരണ നടപടികള്‍ കാരണം തുറമുഖ മേഖലയില്‍ നിക്ഷേപം വര്‍ധിച്ചു. തൊഴില്‍ അവസരം ഉയര്‍ന്നു. രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്ക് ആണ് കൊച്ചിയിലേത്. പുതിയ പദ്ധതിയോടെ കൊച്ചി കപ്പല്‍ശാലയുടെ ശേഷി പലമടങ്ങായി വര്‍ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

എല്ലാ കേരളീയര്‍ക്കും എന്റെ നല്ല നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് നരേന്ദ്രമോദി പ്രസംഗം തുടങ്ങിയത്. ഇന്ന് ഭാഗ്യദിനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ ഭാഗ്യം ലഭിച്ചു. തൃപ്രയാറിലെ രാമക്ഷേത്രത്തിലും ദര്‍ശനം നടത്താന്‍ സൗഭാഗ്യമുണ്ടായി. കേരളത്തിന്റെ വികസനോത്സവത്തില്‍ പങ്കെടുക്കാനും അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കൊച്ചി കപ്പല്‍ശാലയിലെ പുതിയ ഡ്രൈ ഡോക്ക്, അന്താരാഷ്ട്ര കപ്പല്‍ അറ്റകുറ്റപ്പണിശാല എന്നിവയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനലുമാണ് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചത്. 

വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ നേരിട്ട് വന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി പറഞ്ഞു.  പദ്ധതികള്‍ കേരളത്തിന്‍റെ മണ്ണില്‍ നടപ്പിലാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ മെയ്ഡ് ഇന്‍ കേരളയുടെ സംഭാവന ചെറുതല്ലെന്നും പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയതില്‍ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളം നൽകിയ ഉദാത്ത പിന്തുണയുടെ ഉദാഹരണം കൂടിയാണ് കൊച്ചിന്‍ ഷിപ്പ്​യാര്‍ഡില്‍ പൂര്‍ത്തിയായ ഡ്രൈ ഡോക്കെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ യശസ് ഉയർത്താൻ കേരളത്തിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കഴിയുന്നുവെന്നും ആദിത്യ മിഷനിലും ചന്ദ്രയാൻ പദ്ധതിയിലും കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഭാഗമായെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കൊച്ചി കപ്പല്‍ ശാലയില്‍ 1799 കോടി രൂപ ചിലവിലാണ് പുതിയ ഡ്രൈ ഡോക്ക് നിര്‍മ്മാണം പൂര്‍ത്തിയായത്. 970 കോടി രൂപ ചെലവഴിച്ചാണ് രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി ശാല ഒരുക്കിയത്. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെ കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയുടെ 42 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്താണ് അറ്റകുറ്റപ്പണിശാല സജ്ജമാക്കിയത്. 

1236 കോടി രൂപ ചെലവഴിച്ചാണ് ഐഒസിയുടെ പുതിയ എല്‍ പി ജി ഇംപോര്‍ട്ട് ടെര്‍മിനല്‍ സ്ഥാപിച്ചിട്ടുള്ളത്. ഉച്ചയ്ക്കുശേഷം പ്രധാനമന്ത്രി എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ബിജെപിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കൊച്ചിയില്‍ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories