Share this Article
തുറന്ന വാഹനത്തിൽ റോഡ് ഷോ,പുഷ്പവൃഷ്ടിയുമായി പ്രവർത്തകർ, പ്രധാനമന്ത്രിക്കൊപ്പം കെ സുരേന്ദ്രനും
വെബ് ടീം
posted on 16-01-2024
1 min read
PM ROAD SHOW

കൊച്ചി: ഉച്ച കഴിഞ്ഞ് മുതൽ കാത്ത് നിന്ന പ്രവർത്തകരെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ.വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ നിരവധി പേരാണ് റോഡിനിരുവശവും എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലാണ് റോഡ് ഷോ. പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.റോഡിനിരുഭാഗവും അണിനിരന്ന പ്രവര്‍ത്തകരെ നരേന്ദ്ര മോദി അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനും നരേന്ദ്ര മോദിക്കൊപ്പം തുറന്ന വാഹനത്തില്‍ അനുഗമിച്ചു.

തൃശൂരിലെ ഇളക്കി മറിച്ച റോഡ് ഷോയ്ക്ക് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി കൊച്ചിയിലും എത്തിയത്.വൈകിട്ട് ആറരയോടെ നെടുമ്പാശ്ശേരിയിലിറങ്ങിയ നരേന്ദ്ര മോദി ഏഴേകാലോടെ കൊച്ചിയിലെത്തി. തുടർന്നാണ്  കെ പി സി സി ജംങ്ഷൻ മുതൽ  ഗസ്റ്റ് ഹൗസ് വരെ ഒന്നേകാൽ കിലോമീറ്റർ നീളുന്ന റോഡ് ഷോ ആരംഭിച്ചത്. റോഡിനിരുവശവുമായുള്ള ബാരിക്കേഡിന് പുറത്തായിട്ടാണ്  പ്രവര്‍ത്തകര്‍ റോഡ് ഷോയെ സ്വീകരിക്കാനായി കാത്തുനിന്നത്.

രണ്ടുദിവസത്തെ കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലും തൃശൂരും വിവിധ പരിപാടികളിൽ പങ്കെടുക്കും.നാളെ രാവിലെ ഗുരുവായൂരിലെത്തുന്ന പ്രധാനമന്ത്രി ആദ്യം ക്ഷേത്ര ദർശനം നടത്തും. തുടർന്ന് 8.45ന് സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കും. 9.45ന് തൃപ്രയാർ ക്ഷേത്രത്തിലേക്ക് പുറപ്പെടും. അവിടെയെത്തി ദർശനം നടത്തി കൊച്ചിക്ക് പോകും.നാളെ ഉച്ചയ്ക്ക് 12 മണിക്ക് വെല്ലിങ്ടൺ ഐലന്‍റിൽ കൊച്ചിൻ ഷിപ് യാർഡിന്‍റെ പരിപാടിയിൽ പങ്കെടുക്കും. നാളെ  കൊച്ചിയിൽ പ്രധാനമന്ത്രി മൂന്ന് വൻകിട പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും.4000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുക.കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡിൻ്റെ ന്യൂ ഡ്രൈ ഡോക്ക്, ഇൻ്റർ നാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റി, ഐ.ഒ.സിയുടെ എൽ പി ജി ഇംപോർട്ട് ടെർമിനൽ എന്നിവയാണ് പ്രധാന മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികള്‍.ഒന്നരയോടെ കൊച്ചി മറൈൻഡ്രൈവിൽ എത്തുന്ന നരേന്ദ്രമോദി ബിജെപി പരിപാടിയിൽ പങ്കെടുക്കും. മൂന്നരയോടെ നെടുമ്പാശ്ശേരിയിൽ  നിന്ന് ഡൽഹിയ്ക്ക്  മടങ്ങും.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories