തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ ആയിരുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. പ്രവർത്തകർ രാഹുലിന് സ്വീകരണമൊരുക്കി.രണ്ട് കേസുകളിൽ കൂടി ഇന്ന് ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചിതനായത്.പ്രോസിക്യൂഷന്റെ എതിര്‍പ്പു തള്ളിയാണ് കോടതി നടപടി. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുല്‍ ജയില്‍ മോചിതനാവുന്നത്.
കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത, സെക്രട്ടേറിയറ്റ് മാര്‍ച്ച് കേസില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. തിങ്കളാഴ്ച തോറും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരാവണം എന്നതാണ് മുഖ്യ ജാമ്യ വ്യവസ്ഥ. അന്‍പതിനായിരം രൂപയുടെ ആള്‍ജാമ്യത്തിലാണ് രാഹുലിനു പുറത്തിറങ്ങാനാവുക. ഡിജിപി ഓഫിസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ സിജെഎം കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തെ രണ്ടു കേസുകളില്‍ രാഹുലിന് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്നും അതിനാല്‍ രാഹുലിനെ കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ആക്രമണത്തില്‍ രാഹുല്‍ പ്രധാന പങ്കാളിയാണെന്നും നേതൃത്വം കൊടുക്കുകയായിരുന്നുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.
പൊലീസ് തിരിച്ച് ആക്രമിക്കുകയായിരുന്നുവെന്ന്് രാഹുലിന്റ അഭിഭാഷകന്‍ പറഞ്ഞു. ആറാം തീയതി വരെ ആശുപത്രിയിലായിരുന്നുവെന്നും ഏഴാം തീയതി വിവിധ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നുവെന്നും എന്നിട്ടും നോട്ടീസ് പോലും നല്‍കാതെ രാഹുലിനെ വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു.
മെഡിക്കല്‍ രേഖകള്‍ വ്യാജമല്ല. കസ്റ്റഡി അപേക്ഷ പൊലീസ് നല്‍കിയിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു വാദം. നിലവില്‍ ആരോപണങ്ങള്‍ മാത്രമാണുള്ളതെന്നും രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.
രാഹുലിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് പരിഗണിച്ചത്. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്ന കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്.