തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ചിലവ് കുറക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അഴിമതി ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. കെ എസ് ആർ ടി സി യൂണിയനുകളുമായുള്ള ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ ബി ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസിയില്‍ നടപ്പാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും മന്ത്രി വ്യക്തമാക്കി. യൂണിയനുകളുമായി പ്രത്യേകം ചർച്ച നടത്തുമെന്നും.സുതാര്യത ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ മൊത്തം നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റുമെന്ന് മന്ത്രി പറഞ്ഞു. അക്കൗണ്ട്‌സ്, പര്‍ച്ചേയ്‌സ്, സ്റ്റോക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും പുതിയ സോഫ്റ്റ് വെയറിലേക്ക് മാറും. താന്‍ മന്ത്രിസ്ഥാനത്ത് നിന്ന് പോയാലും, എംഡി മാറിയാലും പൊളിക്കാന്‍ പറ്റാത്ത ഒരു സിസ്റ്റമായി കെഎസ്ആര്‍ടിസിയെ മാറ്റുകയാണ് ലക്ഷ്യമെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബസ് എവിടെയാണെന്ന് അറിയാന്‍ വെയര്‍ ഈസ് മൈ ട്രെയിന്‍ എന്ന മാതൃകയില്‍ വെയര്‍ ഈസ് മൈ കെഎസ്ആര്‍ടിസി എന്നൊരു ആപ്പ് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഗതാഗതമന്ത്രി പറഞ്ഞു. ബസുകളില്‍ സ്ഥാപിച്ചിട്ടുള്ള ജിപിഎസ് സേവനത്തെ ഏകോപിപ്പിക്കാന്‍ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ കണ്‍ട്രോള്‍ റൂം ആരംഭിക്കും. കെഎസ്ആര്‍ടിസി പമ്പുകള്‍ ലാഭത്തിലാണ് പോകുന്നത്. എല്ലാ പമ്പുകളും പരിശോധിക്കാന്‍ ലീഗല്‍ മെട്രോളജി വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.സ്വിഫ്റ്റ് കമ്പനി ലാഭത്തിലാണ്. കെടിഡിഎഫ് സി നിക്ഷേപകര്‍ക്ക് പണം തിരിച്ചു നല്‍കും. തിരുവനന്തപുരത്ത് പത്തു രൂപയ്ക്ക് ഓടുന്ന ഇലക്ട്രിക് ബസിന് വരുമാനമുണ്ടെങ്കിലും ലാഭമുണ്ടെന്ന് പറയാന്‍ പറ്റില്ല. വൈദ്യുതിയാണെങ്കിലും തുച്ഛമായ ലാഭം മാത്രമാണ് ലഭിക്കുന്നത്. ഭയങ്കര നഷ്ടമാണ്. പത്തു രൂപയ്ക്ക് ഓടുന്ന ബസുകളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാനാകുന്നുമില്ല. പല റൂട്ടുകളിലും ഇലക്ട്രിക് ബസില്‍ പലപ്പോഴും ആളില്ലാത്ത അവസ്ഥയമുണ്ട്.10 രൂപക്ക് സർവീസ് നടത്തുന്ന ബസുകളുടെ നിരക്ക് മാറ്റും ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ല. ഇലക്ട്രിക് ബസ് വാങ്ങുന്ന തുകക്ക് നാല് ബസുകൾ വാങ്ങാം. സുശീൽ ഘന്ന റിപ്പോർട്ട് നടപ്പിലാക്കാൻ കഴിഞ്ഞില്ല. അത് നടപ്പാക്കാൻ ശ്രമിക്കും. ഇലക്ട്രിക് ബസിന്‍റെ ഡ്യൂറബിലിറ്റി കുറവാണ്. ഇലക്ട്രിക് ബസുകള്‍ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ല.അതിനാല്‍ തന്നെ പുതിയ ഇലക്ട്രിക് ബസുകള്‍ വാങ്ങുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല.
ശമ്പളം ഒന്നിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തു. പുതിയ ബസുകൾ സ്വിഫ്റ്റിനു കീഴിൽ തന്നെയായിരിക്കും.'where is my ksrtc'ആപ്പ് നടപ്പാക്കാൻ പദ്ധതിയുണ്ട്. 3 മാസത്തിനുള്ളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. ഇതോടൊപ്പം തിരുവനന്തപുരം ജില്ലയില്‍ ആദ്യമായി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യാന്‍ തീരുമാനിച്ചുവെന്നും മന്ത്രി പറഞ്ഞു. ബസ് സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യുകയെന്നാല്‍ സര്‍വീസ് നിര്‍ത്തുകയെന്നല്ല. നഷ്ടത്തില്‍ ഓടുന്ന റൂട്ടുകള്‍ കണ്ടെത്തി സമയം പുനക്രമീകരിക്കുകയും റീഷെഡ്യൂള്‍ ചെയ്യുകയും ചെയ്യും. തിരുവനന്തപുരം ജില്ലയിൽ ആദ്യം പരിഷ്കരണം നടപ്പാക്കും. പിന്നീട് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും. മൃതദേഹവുമായി പോകുമ്പോൾ സൈറൺ ഇടാൻ പാടില്ല. ആംബുലൻസുകൾ പരിശോധിക്കും. ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷയുണ്ടെന്ന് ചര്‍ച്ചയ്ക്കുശേഷം എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു. ശമ്പളം ഒരുമിച്ച് നല്‍കാന്‍ ശ്രമിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന പരിഷ്ക്കാരങ്ങൾ സാമ്പത്തിക നഷ്ടം വരുത്തിയെന്നും ഇക്കാര്യങ്ങള്‍ മന്ത്രിയെ അറിയിച്ചെന്നും എം വിന്‍സെന്‍റ് എംഎല്‍എ പറഞ്ഞു.