Share this Article
image
കേന്ദ്രനയങ്ങൾ നവകേരള സ‍ൃഷ്ടിക്ക് തടസം; ഗവർണർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയില്ല, പ്രത്യേക രീതിയിൽ കാര്യങ്ങൾ ചെയ്യുന്നു; കേരളം സിആര്‍പിഎഫ് ഭരിക്കുമോയെന്നും മുഖ്യമന്ത്രി
വെബ് ടീം
posted on 27-01-2024
1 min read
CM Pinarayi vijayan Press meet

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിനെതിരെയും ഗവർണർക്കെതിരെയും വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ‘‘സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞുമുറുകുകയാണ്. കേന്ദ്രനയങ്ങൾ നവകേരള സ‍ൃഷ്ടിക്ക് തടസം. വായ്പാ പരിധി വെട്ടിക്കുറച്ചു. കേരളം പടുത്തുയർത്തിയ ആരോഗ്യവിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ സംസ്ഥാനത്തിന്റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന ഈ നിലപാടിനെതിരെ പ്രതിഷേധമുയർത്താതെ മറ്റു നിവൃത്തിയില്ലെന്ന നിലയാണ് വന്നിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണു ഡൽഹിയിൽ സമരം നടത്താൻ നിർബന്ധിതമാക്കുന്നത്’’– മുഖ്യമന്ത്രി പറഞ്ഞു. 

ഈ സാഹചര്യത്തിൽ ജനങ്ങൾക്കുവേണ്ടി നിലകൊള്ളേണ്ട പ്രതിപക്ഷം ജനവിരുദ്ധ പക്ഷത്ത് നിന്നുകൊണ്ട് സർക്കാറിനെ കടന്നാക്രമിക്കുന്നു. സംസ്ഥാനങ്ങൾക്ക് വിഭജിക്കേണ്ട നികുതി 50 ശതമാനമായി വർധിപ്പിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം പരിഗണിച്ചില്ല.

ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന അനുഭവമായിരുന്നു നവകേരള സദസ്സെന്നും മുഖ്യമന്ത്രി പറഞ്ഞു . ‘‘വലിയ ജനാവലിയാണ് ഓരോ വേദിയിലും എത്തിയത്. ആകെ 138 വേദികൾ. മന്ത്രിസഭ സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനില്ല’’–മുഖ്യമന്ത്രി പറഞ്ഞു.

‘താലൂക്ക് തല അദാലത്തുകളിൽ ആരഭിച്ച് മേഖലാ തല യോഗങ്ങളും തീരദേശ വനസൗഹൃദ സദസുകളും അടക്കം വലിയൊരു പ്രക്രിയയുടെ തുടർച്ചയായാണു സംസ്ഥാന തല പര്യടനം നടന്നത്. നവകേരള സദസിൽ 604276 നിവേദനങ്ങൾ റജിസ്റ്റർ ചെയ്തു. നിവേദനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയാണ്’’–മുഖ്യമന്ത്രി വിശദീകരിച്ചു. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രത്യേകമായ രീതിയിൽ കാര്യങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗവർണർക്ക് എന്താണ് സംഭവിച്ചിട്ടുള്ളതെന്ന് തനിക്ക് പറയാനാകില്ലെന്നും മുഖ്യമന്ത്രി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അധികാര സ്ഥാനത്ത് ഇരിക്കുന്നവർക്ക് നേരെ പ്രതിഷേധ സ്വരങ്ങൾ ഉയർന്നേക്കാം. തനിക്കെതിരേയും പ്രതിഷേധങ്ങൾ ഉയർന്നിട്ടുണ്ട്. ഇത്തരം സാഹചര്യത്തിൽ പ്രതിഷേധക്കാരെ പോലീസ് എന്താണ് ചെയ്യുന്നതെന്ന് അവിടെയിറങ്ങി പരിശോധിക്കുന്ന ഒരു അധികാരിയെ മറ്റെവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ആ നടപടികൾ താൻ പറയുന്നത് പോലെ സ്വീകരിക്കണമെന്ന് പറയുന്നവരെ നാം കണ്ടിട്ടുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഗവർണറുടെ സുരക്ഷ സി.ആർ.പി.എഫിന് കൈമാറിയത് വളരെ വിചിത്രമായ കാര്യമാണ്. ഈ സ്റ്റേറ്റിന്റെ തലവനാണ് അദ്ദേഹം. ആ നിലയിൽ ഏറ്റവും കൂടുതൽ സുരക്ഷ ലഭിക്കുന്ന സ്ഥാനത്താണ് അദ്ദേഹം ഇരിക്കുന്നത്.

സിആർപിഎഫ് സുരക്ഷ നൽകിയിട്ടുള്ളവരുടെ പേരുകൾ മുഖ്യമന്ത്രി വായിച്ചു കേൾപ്പിച്ചു. ആർഎസ്എസ് പട്ടികയിലാണ് ഇപ്പോൾ ഗവർണർ. ആർഎസ്എസുകാർക്ക് കേന്ദ്രഗവൺമെൻറ് ഒരുക്കിയ സുരക്ഷയുടെ കൂടിൽ ഒതുങ്ങാൻ തയ്യാറായി. RSS പ്രവർത്തകരുടെ കൂടിൽ ഒതുങ്ങാനാണ് ഗവർണറുടെ ശ്രമം. എന്താണ് CRPF നേരിട്ടു കേരളം ഭരിക്കുമോ. നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകൾ ഉണ്ട്. അതിൽ നിന്നും വിരുദ്ധമായി ഗവർണർക്കു പ്രവർത്തിക്കാൻ കഴിയില്ല. ഏത് അധികാര സ്ഥാനവും വലുതല്ല. ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതിൽ ചിലതിനു കുറവുണ്ടോ എന്ന് ഗവർണർ പരിശോധിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. പ്രതിഷേധക്കാർ ബാനർ കെട്ടുമ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്നവർ തെരുവിൽ ഇറങ്ങി അഴിക്കാൻ പറയുന്നത് ഏതു കാലത്താണ് കണ്ടിട്ടുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories