Share this Article
image
മുൻ സർക്കാർ പ്ലീഡർ പി ജി മനു കീഴടങ്ങണം, ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
വെബ് ടീം
posted on 29-01-2024
1 min read
sexual-harassment-case-former-government-pleader-pg-manu-must-surrender-supreme-court-rejects-anticipatory-bail-plea

ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പിജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. പിജി മനു പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങണം. കീഴടങ്ങിയാൽ മനുവിനെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കണം. അതേ ദിവസം തന്നെ ജാമ്യപേക്ഷ പരിഗണിക്കാനും കോടതി നിർദ്ദേശിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് പിജി മനു സുപ്രീംകോടതിയെ സമീപിച്ചത്. 

അതിജീവിതയും സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിരുന്നു. തന്‍റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നായിരുന്നു അതിജീവിതയുടെ ഹര്‍ജി. നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. നേരത്തെ കേസില്‍ കീഴടങ്ങാന്‍ പിജി മനുവിന് പത്തു ദിവസത്തെ സമയം ഹൈക്കോടതി അനുവദിച്ചിരുന്നു. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എന്നാൽ കേസ് ലിസ്റ്റ് ചെയ്യാത്തതിനാൽ കീഴടങ്ങാൻ കൂടുതൽ സമയം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഉപഹർജിയിലായിരുന്നു ഹൈക്കോടതി നേരത്തെ കീഴടങ്ങാന്‍ സമയം അനുവദിച്ചിരുന്നത്. ഇതിനിടെയാണ് സുപ്രീം കോടതിയില്‍ ഹൈക്കോടതി ഉത്തരവിനെതിരെ ഹര്‍ജി നല്‍കിയത്. പെൺകുട്ടിയെ പരിശോധിച്ച ഡോക്ടറുടെ റിപ്പോർട്ട് പരിശോധിച്ച കോടതി പ്രതി ഗുരുതര കുറ്റകൃത്യമാണ് നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories