ന്യൂയോർക്ക്: വിമാനത്തിൽ 14 വയസുകാരിക്ക് സമീപത്തിരുന്നു സ്വയംഭോഗം നടത്തിയെന്ന കേസിൽ ഇന്ത്യൻ വംശജനായ ഡോക്ടർ കുറ്റ വിമുക്തൻ. ഡോ. സുദീപ്ത മൊഹന്തി (33) യാണ് കുറ്റ വിമുക്തനായത്. യുഎസിലെ ബോസ്റ്റൺ ഫെഡറൽ കോടതിയാണ് മൂന്ന് ദിവസത്തെ വിചാരണയ്ക്ക് ശേഷം സുദീപ്തയെ വെറുതെ വിട്ടത്.
ബോസ്റ്റണിലെ ആശുപത്രിയിൽ ഡോക്ടറായ സുദീപ്ത 2022 മെയിൽ ഹൊനോലുലുവിൽ നിന്നു ബോസ്റ്റണിലേക്കുള്ള ഹവായിയൻ വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ 14കാരിയുടെ സമീപത്തു വച്ചു സ്വയംഭോഗം ചെയ്തുവെന്നാണ് കേസ്.
ഒരു പുതപ്പുകൊണ്ടു കഴുത്തു വരെ മൂടിയിരുന്ന ആളിന്റെ കാലുകൾ ഉയർന്നു താഴുന്നതു കണ്ടു എന്നാണ് പെൺകുട്ടി പരാതിയിൽ പറഞ്ഞത്. താൻ അടുത്ത സീറ്റിലേക്ക് ഇതോടെ മാറിയിരുന്നുവെന്നും പെൺകുട്ടി വ്യക്തമാക്കി.
വിമാനം ബോസ്റ്റണിൽ ഇറങ്ങിയതിനു ശേഷം കുട്ടി വിവരം ബന്ധുക്കളെ അറിയിച്ചു. പിന്നാലെ പൊലീസിലും പരാതി നൽകി.
എന്നാൽ ആ സമയത്ത് പ്രതിശ്രുത വധു തന്റെ അരികിലുണ്ടായിരുന്നുവെന്നു സുദീപ്ത പറയുന്നു. എന്താണ് സംഭവിച്ചതെന്നു തങ്ങൾക്ക് രണ്ടാൾക്കും മനസിലായില്ല. ജീവിതം രോഗികളെ പരിചരിക്കാൻ ഒഴിഞ്ഞു വച്ച തനിക്ക് വ്യാജ കുറ്റാരോപണമാണ് നേരിടേണ്ടി വന്നതെന്നും സുദീപ്ത വ്യക്തമാക്കി.