റാഞ്ചി: ജാർഖണ്ഡ് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറന്റെ നേതൃത്വത്തിലുള്ള സർക്കാർ. വിശ്വാസ വോട്ടെടുപ്പിൽ ആകെയുള്ള 81 അംഗങ്ങളിൽ 47 പേരുടെ പിന്തുണയാണ് സർക്കാരിനു ലഭിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെ ആരംഭിച്ച വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാൻ ജെഎംഎം.നോതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറനുമെത്തിയിരുന്നു. കനത്ത പൊലീസ് സുരക്ഷയിലാണ് അദ്ദേഹം എത്തിയത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സോറന് വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുക്കാൻ റാഞ്ചിയിലെ പ്രത്യേക കോടതി അനുമതി നൽകിയിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജനുവരി 31നാണ് സോറൻ അറസ്റ്റിലാകുന്നത്. അഞ്ചുദിവസത്തേക്ക് സോറനെ റിമാൻഡ് ചെയ്ത് ഫെബ്രുവരി രണ്ടിന് കോടതി ഉത്തരവിട്ടിരുന്നു.