ലക്‌നൗ: രാഹുൽ ഗാന്ധി വയനാട്ടിലേക്ക്. വാരാണസിയിൽ നിന്ന് അഞ്ച് മണിക്ക് കേരളത്തിലേക്ക് തിരിക്കും. നാളെ പ്രയാഗ് രാജിൽ നിന്ന് വീണ്ടും ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കും.ഇന്ന് രാത്രിയെത്തുന്ന രാഹുല്‍ നാളെ ഉച്ചവരെ മണ്ഡലത്തില്‍ തുടരും. അതിനുശേഷം രാഹുല്‍ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനായി യുപിയിലേക്ക് മടങ്ങും. വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ മൂന്നാഴ്ചയ്ക്കിടെ മൂന്ന് പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ എംപി എവിടെയെന്ന ചോദ്യം നാട്ടുകാരില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് മണ്ഡലത്തിലെത്താനുള്ള രാഹുലിന്റെ തീരുമാനം
അതേ സമയം വന്യജീവി ആക്രമണങ്ങളില്‍ വയനാട്ടില്‍ ജനരോഷം ഇരമ്പുന്നു. പുല്‍പ്പള്ളിയില്‍ നാട്ടുകാര്‍ വനംവകുപ്പിന്റെ വാഹനം തടഞ്ഞു. വന്യജീവി ആക്രമണത്തില്‍ ചത്ത പശുവിന്റെ ജഡം ജീപ്പിന് മുകളില്‍ വച്ചു. പ്രതിഷേധക്കാര്‍ ജീപ്പിന് റീത്തുവയ്ക്കുകയും ചെയ്തു.
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവുമായി ആയിരകണക്കിന് ആളുകളാണ് പുല്‍പ്പള്ളി ടൗണില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചത്. ഇതിനിടയിലേക്കാണ് വനം വകുപ്പിന്റെ ജീപ്പ് എത്തിയത്. കൊല്ലപ്പെട്ട പോളിന്റെ മൃതദേഹം കോഴിക്കോട് നിന്ന് എത്തിച്ച ആംബുലന്‍സിന് അകമ്പടി പോയ വനപാലകരാണ് ജീപ്പിലുണ്ടായിരുന്നത്.