തിരുവനന്തപുരം: കാര്യവട്ടം ക്യാമ്പസിനുള്ളിലെ ടാങ്കിനുള്ളിൽ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ബോട്ടണി ഡിപ്പാർട്ട്‌മെന്റിനോട് ചേർന്നുള്ള വാട്ടർ അതോറിറ്റിയുടെ പഴയ ടാങ്കിനുള്ളിൽ നിന്നുമാണ് അസ്ഥികൂടം കണ്ടെത്തിയത്. കഴക്കൂട്ടം പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി.
വർഷങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റി ഉപയോഗിച്ചിരുന്ന ടാങ്കിലാണ് അസ്ഥികൂടം കണ്ടെത്തിയിരിക്കുന്നത്. വാട്ടർ ടാങ്കിന്റെ മാനുവൽ ഹോളിലൂടെയാണ് 15 അടി താഴ്ചയിൽ കിടക്കുന്ന അസ്ഥികൂടം കണ്ടത്. പ്രദേശമാകെ കാടുപിടിച്ച് കിടക്കുന്നതിനാൽ ആരും ഇവിടേക്ക് എത്താറില്ല. ക്യാമ്പസിലെ ജീവനക്കാരാണ് ആദ്യം അസ്ഥികൂടം കണ്ടത്.സംഭവത്തിന് പിന്നാലെ കഴക്കൂട്ടം ഫയർഫോഴ്‌സ് സംഘം ക്യാമ്പസിലെത്തി. എന്നാൽ മതിയായ സുരക്ഷയില്ലാത്തതിനാൽ ടാങ്കിനുള്ളിലേക്ക് ഇറങ്ങാനായില്ല. നാളെ രാവിലെ ഫോറൻസിക് സംഘം എത്തിയതിന് ശേഷം ഫയർഫോഴ്‌സിന്റെ സഹായത്തോടെ അസ്ഥികൂടം പുറത്തെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.