Share this Article
image
വിവാദ ജ്യോതിഷിയും ആൾദൈവവുമായിരുന്ന സന്തോഷ് മാധവന്‍ അന്തരിച്ചു
വെബ് ടീം
posted on 06-03-2024
1 min read
santhosh-madhavan-passed-away

കൊച്ചി: നിരവധി കേസുകളിൽ പ്രതിയായിരുന്ന വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം പുറത്തിറങ്ങി പുറംലോകവുമായി അധികം ബന്ധമില്ലാതെയായിരുന്നു ജീവിതം. കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്‍ സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.

ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. കട്ടപ്പനയിലെ വെയർ ഹൗസിങ്  ഡിപ്പോയിലെ ചുമട്ടുകാരന്റെ മകനായ സന്തോഷ് മാധവൻ സ്വാമി അമൃതചൈതന്യ ആയതിനു പിന്നിൽ ദൈവവിളിയാണെന്നു വീട്ടുകാർ പറയുമ്പോൾ അതിബുദ്ധിയാണ് ഇയാളെ കോടിക്കണക്കിനു രൂപയുടെ ആസ്‌തിയുടെ വളർച്ചയിലേക്കു വഴി തെളിച്ചതെന്നാണു പൊലീസ് കണ്ടെത്തിയത്.

പഠനത്തിൽ വലിയ മികവ് കാട്ടാത്ത സന്തോഷ് മാധവൻ ഇംഗ്ലിഷും ഉറുദുവും സംസാരിക്കുന്ന അമൃത ചൈതന്യ ആയതിനു വിവിധ ദേശങ്ങളിലൂടെയുള്ള ഊരുചുറ്റലും കാരണമായി. കട്ടപ്പന ഇരുപതേക്കർ പാറായിച്ചിറയിൽ മാധവന്റെയും തങ്കമ്മയുടെയും മകനായി ജനിച്ച സന്തോഷിന്റെ വിദ്യാഭ്യാസം വള്ളക്കടവു സെന്റ് ആന്റണീസ് സ്‌കൂളിലും കട്ടപ്പന  ഹൈസ്‌കൂളിലുമായിരുന്നു. പത്താം ക്ലാസ് തോറ്റതോടെ പഠനം നിർത്തി. പിന്നീടു കട്ടപ്പനയിൽ ചെരുപ്പുകടയിൽ സെയിൽസുമാനായി ജോലി നോക്കി. പതിനെട്ടു വയസ്സായപ്പോൾ ജ്യേഷ്‌ഠ സഹോദരന്റെ സഹായത്തിൽ കലൂരിലുള്ള ക്ഷേത്രത്തിൽ പരികർമിയായി.

ഇവിടെനിന്നു പൂജാവിധികൾ അഭ്യസിച്ചശേഷം തൃപ്പൂണിത്തുറ തുരുത്തിയിലുള്ള ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലിയിൽ പ്രവേശിച്ചു. ഇവിടെനിന്നാണു വളർച്ചയുടെ ആരംഭം. തുരുത്തി ക്ഷേത്രത്തിൽ സേവനം ചെയ്യുമ്പോൾ ജ്യോതിഷത്തിലൂടെയും മറ്റും ലക്ഷങ്ങൾ സമ്പാദിച്ചു. ഇതിനിടയിൽ ഗൾഫു നാടുകളടക്കം വിവിധ സ്‌ഥലങ്ങളിലും സന്ദർശനം നടത്തിയിരുന്നു.  ഈ കാലയളവിനുള്ളിൽ പ്രമുഖ വ്യക്‌തികളുമായി സൗഹൃദം സ്‌ഥാപിക്കുകയും ചെയ്‌തു. വീടിനു സമീപത്തുതന്നെയുള്ള പെൺകുട്ടിയെത്തന്നെയാണു സന്തോഷ് പ്രണയിച്ചു വിവാഹം കഴിച്ചത്. വിവാഹത്തിനുശേഷം ഇയാളോടൊപ്പം പോയ പെൺകുട്ടി ഒന്നര മാസത്തിനുശേഷം ബന്ധം വേർപെടുത്തി തിരിച്ചെത്തി. തുരുത്തി ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കുന്നതിനിടയിൽ ഒരു ദിവസം സ്വാമി അവിടെ നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീടു മൂന്നു വർഷത്തോളം വീട്ടുകാർക്കും നാട്ടുകാർക്കും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. വടക്കേ ഇന്ത്യയിലെ ഏതോ ആശ്രമത്തിൽ ആയിരുന്നുവെന്നു മാത്രമാണു വീട്ടുകാർക്കു ലഭിച്ച വിവരം. പിന്നീടാണു സ്വാമി അമൃത ചൈതന്യ എന്നപേരിൽ പ്രത്യക്ഷനായത്. ഇവർക്കു കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. ടൗണിൽതന്നെ ലോഡ്‌ജ് പ്രവർത്തിക്കുന്ന കോടികൾ വില മതിക്കുന്ന ബഹുനില കെട്ടിടം വിലയ്‌ക്കു വാങ്ങിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories