സംസ്ഥാന സർക്കാർ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന കെ റൈസ് വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.5 കിലോ കെ റൈസിനൊപ്പം ബ്രാന്റ് ചെയ്യാത്ത അഞ്ച് കിലോ കൂടി ഉപഭോക്താക്കൾക്ക് കിട്ടുമെന്നും പൊതു വിതരണ സംവിധാനത്തെ ശക്തിപ്പെടുത്തൽ സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മുഖ്യമന്ത്രി. ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാവുന്ന ഗുണമേന്മയുള്ള അരിയാണ് കെ റൈസെന്ന് മുഖ്യമന്ത്രി പറഞ്ഞു.
15 രൂപ നഷ്ടം സഹിച്ചാണ് സർക്കാർ വിപണി ഇടപെടൽ നടത്തുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്ര സർക്കാരിന്റെ ഭാരത് റൈസ് പദ്ധതിയെ വിമർശിച്ചു.
18 രൂപയ്ക്ക് ലഭിക്കുന്ന അരി കേന്ദ്രം 29 രൂപയ്ക്ക് വിൽക്കുകയാണ്. 10 രൂപ ലാഭം എടുത്താണ് വിൽപനയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാർ കെ റൈസ് വിതരണം ചെയ്യുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധത കൊണ്ടാണ്. നമ്മുടെ നാട്ടിൽ ആരും പട്ടിണി കിടക്കാൻ പാടില്ല എന്ന നിർബന്ധത്തോടുള്ള ഇടപെടലാണ് ഇപ്പോൾ കെ റൈസിലെത്തി നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.