കേജ്‍രിവാൾ മുഖ്യസൂത്രധാരൻ, കിംഗ്പിൻ, കോഴ ചോദിച്ചുവാങ്ങി; ഇടനിലക്കാരനായത് മലയാളി,വാട്സ് ആപ്പ് ചാറ്റുകൾ അടക്കം തെളിവ്; 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇഡി
ന്യൂഡല്‍ഹി: മദ്യനയ അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ അരവിന്ദ് കേജ്‌രിവാള്‍ ആണെന്ന് ഇഡി കോടതിയില്‍. മദ്യനയത്തില്‍ ഗൂഢാലോചന നടത്തിയത് കേജ്‌രിവാളാണ്. നയരൂപീകരണത്തില്‍ കേജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. കേജ്‌രിവാള്‍ സൗത്ത് ഗ്രൂപ്പില്‍ നിന്നും കോഴ ചോദിച്ചുവാങ്ങി. പണം പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിച്ചുവെന്നും ഇഡിക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു കോടതിയെ അറിയിച്ചു.ഗോവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 45 കോടി ഉപയോഗിച്ചു. ഹവാല വഴിയും പണം എത്തിച്ചു. ചെന്നൈയില്‍ നിന്നും ഡല്‍ഹിയിലേക്കും അവിടെ നിന്ന് ഗോവയിലേക്കുമാണ് പണം എത്തിച്ചത്. 100 കോടിയുടെ കോഴ ഇടപാടു വഴി, സൗത്ത് ഗ്രൂപ്പിന് 600 കോടിയാണ് ലാഭമുണ്ടായത്. കോഴ ഇടപാടില്‍ ഇടനിലക്കാരനായത് മലയാളിയായ വിജയ് നായരാണ്. വാട്‌സ് ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായുണ്ട് എന്നും ഇഡി കോടതിയെ അറിയിച്ചു.
കേസില്‍ അറസ്റ്റിലായ കേജ്‌രിവാളിനെ പത്തു ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ഇഡി കേജ്‌രിവാളിനെ ഡല്‍ഹി റോസ് അവന്യൂ കോടതിയിലെത്തിച്ചത്. കേജ്‌രിവാളിന്റെ അറസ്റ്റ് എല്ലാ നടപടിക്രമങ്ങളും പാലിച്ചാണെന്നും ഇഡി കോടതിയെ അറിയിച്ചു. കെജരിവാളിനായി മനു അഭിഷേക് സിങ്‌വിയാണ് കോടതിയില്‍ ഹാജരായി. കേജ്‌രിവാളിനെ ഹാജരാക്കുന്നത് കണക്കിലെടുത്ത് കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ കെജരിവാളിനെ കേസില്‍ നേരത്തെ അറസ്റ്റിലായ കെ കവിതയുടെ ഒപ്പമിരുത്തി ഇഡി ചോദ്യം ചെയ്തിരുന്നു. തെലങ്കാന മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളായ കവിതയില്‍ നിന്നാണ് മദ്യവ്യവസായികള്‍ നല്‍കിയ 100 കോടി എഎപി നേതാക്കള്‍ കൈപ്പറ്റിയതെന്നാണ് ഇഡി ആരോപിക്കുന്നത്.
അതേ സമയം വാദം നടക്കുന്നതിനിടെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ കോടതി മുറിക്ക് പുറത്തേക്ക് കൊണ്ടുപോയി. കേജ്‌രിവാളിന്റെ രക്തസമ്മർദ്ദം കുറഞ്ഞെന്നാണ് റിപ്പോർട്ട്.