Share this Article
സിദ്ധാര്‍ത്ഥന്‍റെ മരണം; ആഭ്യന്തര വകുപ്പിലെ 3 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി, സസ്പെൻഡ് ചെയ്യാൻ ശുപാർശ
വെബ് ടീം
posted on 26-03-2024
1 min read
death-of-siddharthan-action-against-officials-of-home-department-3-officers-suspended

തിരുവനന്തപുരം:പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്ക് ശേഷവും സിബിഐക്ക് കേസ് സംബന്ധിക്കുന്ന രേഖകള്‍ കൈമാറാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് സര്‍ക്കാര്‍.ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ ഇറക്കി. രേഖകള്‍ കൈമാറാൻ വൈകിയ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോര്‍ട്ട് തേടിയതിന് പിന്നാലെയാണ് നടപടി. 

ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രശാന്ത, സെക്ഷൻ ഓഫീസര്‍ ബിന്ദു,  ഓഫീസ് അസിസ്റ്റന്‍റ് അഞ്ജു എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ ശുപാർശ. ആഭ്യന്തര വകുപ്പിലെ എം സെക്ഷനിലുള്ളവരാണ് രേഖകള്‍ കൈമാറേണ്ടത്. ഇതില്‍ വീഴ്ചവരുത്തിയതിനാണ് നടപടി.

സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഈ മാസം 9 തീയതിയാണ് സര്‍ക്കാര്‍ ഇറക്കിയത്. എന്നാല്‍, പെർഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്‍റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല. പെർഫോമ റിപ്പോര്‍ട്ട് വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്ന് ആഭ്യന്തര സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്. ഒമ്പതിന് കൈമാറേണ്ട രേഖകള്‍ 16ാം തീയതാണ് കൈമാറിയത്. രേഖകള്‍ കൈമാറാൻ വൈകിയ കാരയം താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories