‘ഹൂലോ’യെ കാണാതായിട്ട് ഇരുപത് ദിവസങ്ങളായി, വാർഡിലെ ഓരോ വീട്ടിലും കേറി നടന്ന് അന്വേഷിച്ചു, നോട്ടീസ് വിതരണം ചെയ്തു, പോരാഞ്ഞിട്ട് മൈക്ക് വച്ച് കെട്ടി അനൗൺസ്‌മെന്റും നടത്തി. എന്നിട്ടും ബിശ്വാസിന് ‘ഹൂലോ’യെ പറ്റി ഒരു വിവരവും ലഭിച്ചിട്ടില്ല. അതുകൊണ്ടൊന്നും ഈ അന്വേഷണം ബിശ്വാസ് നിർത്താൻ ഒരുക്കമല്ല. ‘ഹൂലോ’ തിരിച്ചെത്തുമെന്ന വിശ്വാസത്തിലാണ് ബിശ്വാസ്.
സ്വന്തം കുഞ്ഞിനെ പോലെ നോക്കിയ പൂച്ചയെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പതിനായിരം രൂപ പാരിതോഷികം നല്‍കാം എന്നാണിപ്പോൾ ബിശ്വാസിന്റെ പ്രഖ്യാപനം. ബംഗാളിലെ ബിര്‍നഗര്‍ സ്വദേശിയാണ് ബിശ്വാസ്.
നാലു വയസ്സ് പ്രായമുള്ള വെളുത്ത പൂച്ചയെയാണ് കാണാതായിരിക്കുന്നത്. പൂച്ചയുടെ തലയില്‍ ഒരു കറുത്ത പാടുണ്ട്. ഞാന്‍ സ്വന്തം കുഞ്ഞിനെപ്പോലെ നോക്കിയ പൂച്ചയാണ്. കണ്ടുകിട്ടുന്നവര്‍ തിരിച്ചേല്‍പ്പിക്കണേ എന്ന് മൈക്ക് കെട്ടി വരെ ബിശ്വാസ് വിളിച്ചുപറഞ്ഞു. ബിര്‍നഗര്‍ മുനിസിപ്പാലിറ്റിയിലെ സാംറാജിത്ത് പല്ലിയിലെ എട്ടാം വര്‍ഡിലുടനീളം ബിശ്വാസ് പൂച്ചയെ കാണാതായ വിവരം മൈക്കിലൂടെ അനൗണ്‍സ് ചെയ്തു‘ഹൂലോ എനിക്ക് വെറുമൊരു പൂച്ചക്കുഞ്ഞ് മാത്രമല്ല, അവനെന്‍റെ കുടുംബത്തിലെ ഒരാളാണ്. കുഞ്ഞായിരുന്നപ്പോള്‍ എന്‍റെ അമ്മ അവനെ എവിടെ നിന്നോ രക്ഷപ്പെടുത്തിക്കൊണ്ടുവന്നതാണ്. എന്‍റെ എല്ലാ നല്ലതും മോശം അവസ്ഥയിലും അവനെന്‍റെ കൂടെ നിന്നു. എന്‍റെ ഇളയമകന്‍റെ മരണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. അന്ന് എന്‍റെ ഏക ആശ്വാസം അവനായിരുന്നു’ എന്ന് ബിശ്വാസ് പറയുന്നു.
ഹൂലോയെ കാണാതായതു മുതല്‍ ഉറക്കം പോലും നഷ്ടപ്പെട്ടു എന്നും ബിശ്വാസ് പറയുന്നു.
ഹൂലോ മാത്രമല്ല, എട്ട് പൂച്ചക്കുഞ്ഞുങ്ങളും കുറെ പട്ടിക്കുഞ്ഞുങ്ങളും ബിശ്വാസിനുണ്ട്. തകരഷീറ്റിട്ട കൊച്ചുവീട്ടില്‍ ഇവര്‍ ഒരു കുടുംബം പോലെ കഴിഞ്ഞുവരികയാണ്. വീടിന്‍റെ പുറകിലായി മീന്‍ വളര്‍ത്തലുമുണ്ട്. തനിക്ക് ഭക്ഷണമില്ലെങ്കിലും ഇവര്‍ക്കെല്ലാം ബിശ്വാസ് കൃത്യമായി ഭക്ഷണം നല്‍കും. പഴക്കച്ചവടമാണ് ബിശ്വാസിന്‍റെ ജോലി.
ഹൂലോയെ കാണാതായതു മുതല്‍ ബിശ്വാസിന്‍റെ വീട്ടില്‍ ഇയാളെ പരിചയമുള്ളവരും അയല്‍വാസികളും വന്നുപോകുന്നുണ്ട്. ‘അദ്ദേഹത്തിന് എല്ലാ ജന്തുജാലങ്ങളോടും സ്നേഹം മാത്രമാണ്. അവരെ നന്നായി നോക്കും. അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി നല്‍കും. മരുന്നുകള്‍ കൃത്യമായി നല്‍കും. കുടുംബത്തിലെ ഒരാളെപ്പോലെയാണ് അദ്ദേഹത്തിന് എല്ലാ വളര്‍ത്തുമൃഗങ്ങളും എന്നൊക്കെയാണ് അയൽവാസികൾ ഉൾപ്പെടെയുള്ളവർ പറയുന്നത്.