ഗ്വാളിയോര്‍: പോലീസിൻ്റെ കൺമുന്നിൽ മകളെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോര്‍ ഗോല കാ മന്ദിര്‍ സ്വദേശിയായ മഹേഷ് ഗുര്‍ജാര്‍ ആണ് മകള്‍ തനു ഗുര്‍ജാറി(20)നെ വെടിവെച്ച് കൊന്നത്.വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ ചൊവ്വാഴ്ച രാത്രി വീട്ടില്‍ പോലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍വെച്ചായിരുന്നു കൊലപ്പെടുത്തിയത്.
തനുവിന്റെ വിവാഹം ജനുവരി 18-ാം തീയതി നടത്താന്‍ തീരുമാനിച്ചിരുന്നു. തനുവിന് ഈ വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം തനു സാമൂഹികമാധ്യമങ്ങളിലൂടെ ഒരു വീഡിയോ പുറത്തുവിടുകയുംചെയ്തു. വിക്കി എന്നയാളെ വിവാഹം കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ഇതിന് വീട്ടുകാര്‍ ആദ്യം സമ്മതിച്ചെന്നും പിന്നീട് അവര്‍ തീരുമാനം മാറ്റിയെന്നുമാണ് തനു വീഡിയോയില്‍ പറഞ്ഞിരുന്നത്. വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിന് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരില്‍ വീട്ടുകാര്‍ തന്നെ പതിവായി മര്‍ദിക്കുകയാണ്. കൊല്ലുമെന്നും ഭീഷണിയുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തന്റെ കുടുംബമാണ് അതിന് ഉത്തരവാദികളെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു.