Share this Article
Union Budget
കത്ത് പരിഗണിച്ചു; പ്രഖ്യാപനം വൈകി; വയനാടിന് വായ്പ അനുവദിച്ച് കേന്ദ്രം; പക്ഷേ '529.50 കോടി മാര്‍ച്ച് 31ന് അകം ചെലവഴിക്കണം',എളുപ്പമല്ലെന്ന് ധനമന്ത്രി
വെബ് ടീം
posted on 14-02-2025
1 min read
kn balagopal

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടി രൂപയുടെ മൂലധന നിക്ഷേപവായ്പ അനുവദിച്ച് കേന്ദ്രം. ടൗണ്‍ഷിപ് അടക്കം 16 പദ്ധതികള്‍ക്കാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വര്‍ഷംകൊണ്ട് തിരിച്ചടച്ചാല്‍ മതി. എന്നാല്‍ തുക മാര്‍ച്ച് 31നകം തുക ചെലവിടമെന്ന നിര്‍ദേശത്തോടെയാണ് സഹായം.2024-25 സാമ്പത്തിക വര്‍ഷത്തേക്കാണ് വായ്പ അനുവദിച്ചിരിക്കുന്നതെന്നും പണം 2025 മാര്‍ച്ച് 31ന് മുന്‍പ് വിനിയോഗിക്കണമെന്നും കേന്ദ്രത്തിന്റെ കത്തില്‍ പറയുന്നു.

കേരളം നല്‍കിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാല്‍ പ്രഖ്യാപനം വൈകിപ്പോയെന്നും കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്ന സമയപരിധിക്കുള്ളില്‍ പണം ചെലവഴിക്കുന്നത് എളുപ്പമല്ലെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ നഷ്ടം ഗ്രാന്റായാണ് സംസ്ഥാനം ആദ്യം ചോദിച്ചത്. ഒപ്പം വായ്പയും ചോദിച്ചിരുന്നു. എന്നാല്‍ വായ്പ മാത്രമാണ് ലഭിച്ചത്. വായ്പ തിരിച്ചടയ്ക്കുന്നത് കൂടാതെ പെട്ടെന്ന് തന്നെ ചെലവഴിച്ചാല്‍ മാത്രമെ തുക അനുവദിച്ച് കിട്ടുകയുള്ളൂവെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകള്‍ മാര്‍ച്ച് മാസത്തില്‍ തന്നെ അയയ്‌ക്കേണ്ടിവരും. കേന്ദ്ര പദ്ധതി പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സംബന്ധിച്ച് ഒരുമാസംകൊണ്ട് 16 പദ്ധതികള്‍ക്കും ചെലവ് കണക്കുകള്‍ കാണിക്കേണ്ടിവരുന്നത് പ്രതിസന്ധിയാണ്. ടൗണ്‍ഷിപ്പില്‍ റോഡ്, പാലം, സ്‌കൂള്‍ തുടങ്ങി ഭൗതികസാഹചര്യങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി പണംവിനിയോഗിക്കാം എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories