കൊച്ചി: അന്താരാഷ്ട്ര വനിത ദിനത്തോട് അനുബന്ധിച്ച് കേരളവിഷന്‍ ന്യൂസ് ഒരുക്കുന്ന സ്ത്രീലോകം വുമണ്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് ആന്റ് അവാര്‍ഡ്സ് 2025 മാർച്ച് 15ശനിയാഴ്ച. ദ റെനയ് കൊച്ചിയില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. കേരളത്തിലെ വിവിധ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചടങ്ങില്‍ സിഒഎ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ ആമുഖ പ്രസംഗം നടത്തും. എറണാകുളം എം.പി ഹൈബി ഈഡന്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് സ്ത്രീ സംരംഭകത്വവുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളെക്കുറിച്ച് വിപുലമായ ചര്‍ച്ച നടക്കും. ഇതില്‍ റെസിടെക് ഇലക്ട്രിക്കല്‍സ് എം.ഡി ലേഖ ബാലചന്ദ്രന്‍, സണ്‍റൈസ് ഹോസ്പിറ്റല്‍സ് എം.ഡി പര്‍വീണ്‍ ഹഫീഷ്, പ്രൊഫയല്‍ ബിസിനസ് സൊല്യൂഷന്‍ കോ ഫൗണ്ടര്‍ ഡോ. ഡോ. നെസ്‌റിന്‍ മിഥിലാജ്, എംഒഡി ഡിസൈനര്‍ ജൂവല്ല്വറി സ്ഥാപക ആശ സെബാസ്റ്റ്യന്‍ മറ്റത്തിൽ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 12.20 മുതല്‍ 1.30വരെ രാഷ്ട്രീയത്തിലെ വനിത പങ്കാളിത്തം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. നൊസ്റ്റാള്‍ജ്യ മാഗസീന്‍ മുന്‍ ചീഫ് എഡിറ്റർ ഗീത ഭക്ഷി, ചിന്ത ജെറോം, അഡ്വ. ദീപ്തി മേരി വര്‍ഗീസ്, ലതിക സുഭാഷ്, സി.വി. സജിനി എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് പ്ലീനറി സെക്ഷനില്‍ സ്ത്രീകളുടെ മാനസികാരോഗ്യം ഗുണകരമായ നിലയില്‍ മുന്നോട്ട് കൊണ്ടുപോകുന്നത് എങ്ങനെ എന്ന വിഷയത്തില്‍ ഡോ. നെസ്‌റിന്‍ മിഥിലാജ് പ്രഭാഷണം നടത്തും. 2.30ന് നടക്കുന്ന ചർച്ചയിൽ ടൈംസ് ഓഫ് ഇന്ത്യ മുന്‍ സീനിയര്‍ ലേഖിക അഞ്ജന ജോര്‍ജ് മോഡറേറ്ററാകും. ചലച്ചിത്ര താരം ദുര്‍ഗ കൃഷ്ണ, രഞ്ജിനി, ജോളി ചിറയത്ത്, സന്ധ്യ മനോജ് എന്നിവര്‍ സംസാരിക്കും. കുടുംബശ്രീ കേരളത്തിന്റെ മുഖശ്രീ എന്ന വിഷയത്തില്‍ കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ നിഷാദ് സി.സി സംസാരിക്കും.
4.15 മുതല്‍ 4.45വരെ മാധ്യമ പ്രവര്‍ത്തനത്തിലെ സ്ത്രീ പങ്കാളിത്തം എന്ന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തക സുജയ പാര്‍വതിയും മാധ്യമ പ്രവര്‍ത്തകന്‍ എം.എസ്. ബനേഷും പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പ്ലീനറി സെക്ഷനില്‍ അവതാരകയും ചലച്ചിത്ര താരവുമായ അശ്വതി ശ്രീകാന്ത് പങ്കെടുക്കും. വരുംതലമുറയിലെ വനിത പ്രാതിനിധ്യം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ഇന്‍ഫിനിറ്റി ഹോസ്പിറ്റാലിറ്റി സര്‍വീസസ് സിഇഒ ഡോ. നിര്‍മല ലില്ലി മോഡറേറ്ററാകും. അള്‍ട്രീസ്റ്റിക് ഫിനാന്‍ഷ്യല്‍ സൊലുഷന്‍ സിഇഒ സ്‌നേഹ ജിസ് കൊട്ടുകപ്പള്ളി, ഗുണം ബ്യൂട്ടി മാനേജിങ് ഡയറക്ടര്‍ എലിസബത്ത് ഐസക്, എസ്എഫ്എസ് ഹോംസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ തേജസ്വി ലാവ, മഞ്ഞിലാസ് ഫുഡ് ടെക് അസോസിയേറ്റ് ഡയറക്ടര്‍ അനി വിനോദ് മഞ്ഞില എന്നിവര്‍ പങ്കെടുക്കും.
സമാപന സമ്മേളന ഉദ്ഘാടനവും പുരസ്‌കാര വിതരണവും ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും.