കൊല്ലം: കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസിലെ മുഖ്യപ്രതി അലുവ അതുൽ വാഹന പരിശോധനക്കിടെ പൊലീസിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടു. ആലുവ എടത്തല വെച്ച് വാഹന പരിശോധനക്കിടെയാണ് സംഭവം. പ്രതി സഞ്ചരിച്ച കാർ പൊലീസ് തടഞ്ഞു. കാർ ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവ സമയം ഭാര്യയും കുഞ്ഞും ഇയാൾക്ക് ഉണ്ടായിരുന്നു. ഇവരെ കാറിനുള്ളിൽ ഉപേക്ഷിച്ചാണ് അതുൽ രക്ഷപ്പെട്ടത്. സന്തോഷിന്റെ കൊലപാതകത്തിന് മുമ്പ് പ്രതികള്‍ തയ്യാറെടുപ്പ് നടത്തിയത് ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടിലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചെന്നാണ് സംശയം. കുക്കുവിന്റെ വീട്ടുമുറ്റത്ത് കിടന്ന കാറിലെത്തിയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സംഭവത്തില്‍ കുക്കു പൊലീസ് കസ്റ്റഡിയിലാണ്. പ്രതികള്‍ക്കായി കൊല്ലം, ആലപ്പുഴ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. കരുനാഗപ്പള്ളി കെ എസ് ഇ ബി ഓഫീസിന് പടിഞ്ഞാറ് താച്ചയില്‍മുക്ക് സ്വദേശി ജിം സന്തോഷ് എന്നു വിളിക്കുന്ന സന്തോഷിനെയാണ് കൊലപ്പെടുത്തിയത്.