Share this Article
Union Budget
ഒടുവില്‍ എംപുരാന് വെട്ട്, പതിനേഴു ഭാഗങ്ങള്‍ മാറ്റും;വില്ലന്റെ പേരടക്കം മാറുമെന്ന് റിപ്പോർട്ട്; അടുത്തയാഴ്ച തീയറ്ററില്‍ പുതിയ പതിപ്പ്
വെബ് ടീം
posted on 29-03-2025
1 min read
emburan

കൊച്ചി: സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്നു  വിമർശനം  ഉയര്‍ന്നതിനു പിന്നാലെ പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ എംപുരാനില്‍ മാറ്റങ്ങള്‍ വരുത്തുന്നു.വോളന്ററി മോഡിഫിക്കേഷന്‍ വരുത്തും. വിമര്‍ശനത്തിനിടയായ ഭാഗങ്ങളില്‍ മാറ്റം വരുത്തിയ പതിപ്പ് അടുത്തയാഴ്ച  തീയറ്ററില്‍ എത്തും. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന.

ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്‌ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘ മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്ന ലേഖനം പ്രസിദ്ധീകരിച്ചു. ഇതിനു പിന്നാലെയാണ് ചിത്രത്തില്‍ മാറ്റം വരുത്തുന്നത്.അടുത്തയാഴ്ച തീയറ്ററില്‍ എത്തുന്ന പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും. സ്ത്രീകള്‍ക്കെതിരായ അതിക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് ഒഴിവാക്കുക. ചില പരാമര്‍ശങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

എംപുരാനില്‍ കാണിക്കുന്ന ഏതെങ്കിലും സീനുകളോ ഡയലോഗുകളോ ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ അതില്‍ മാറ്റം വരുത്താന്‍ സംവിധായകനായ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടന്നാണ് ഗോകുലം ഗോപാലന്‍ അറിയിച്ചത്. സിനിമ എടുക്കുന്നത് ആരെയും വേദനിപ്പിക്കാനല്ലെന്നും സിനിമ കാണുന്നവര്‍ സന്തോഷിക്കാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമ സെന്‍സര്‍ ചെയ്തപ്പോള്‍ പ്രശ്‌നമൊന്നും ഇല്ലായിരുന്നുവെന്നും സിനിമ കാണുന്നവര്‍ പല ചിന്താഗതിക്കാര്‍ ആണല്ലോ, അതില്‍ വന്ന പ്രശ്‌നം ആണെന്നും ഗോപാലന്‍ കൂട്ടിച്ചേര്‍ത്തു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories