ബംഗ്ലദേശില്‍ ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേക്ക്. 300 സീറ്റില്‍ 220ലധികം സീറ്റുകള്‍ ഹസീനയുടെ അവാമി ലീഗ് നേടി. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഹസീനയുടെ വിജയം.
തെരഞ്ഞെടുപ്പില്‍ 40 ശതമാനം പേര്‍ മാത്രമാണ് വോട്ടു ചെയ്തത്. പ്രധാന പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷനലിസ്റ്റ് പാര്‍ട്ടി വോട്ടെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. 63 സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ് വിജയിച്ചത്. ലോകത്തിന് മുന്നില്‍ തെരഞ്ഞെടുപ്പിന് മത്സര സ്വഭാവം കാണിക്കാന്‍ അവാമി ലീഗ് തന്നെ നിര്‍ത്തിയ ഡമ്മി സ്ഥാനാര്‍ഥികളാണ് സ്വതന്ത്രരെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
ഗോപാല്‍ഗഞ്ച്-3 മണ്ഡലത്തില്‍ നിന്ന് ഹസീന വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 76കാരിയായ ഹസീന 2,49,965 വോട്ട് നേടിയപ്പോള്‍ പ്രധാന എതിരാളിയായ ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയിലെ എം. നിസാമുദ്ദീന്‍ ലഷ്‌കറിന് 469 വോട്ട് മാത്രമാണ് ലഭിച്ചത്. ഗോപാല്‍ഗഞ്ച് ഡെപ്യൂട്ടി കമീഷണറും റിട്ടേണിങ് ഓഫിസറുമായ കാസി മഹ്ബൂബുല്‍ ആലം ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 1986 മുതല്‍ എട്ടാം തവണയാണ് ഷെയ്ഖ് ഹസീന ഗോപാല്‍ഗഞ്ച് -3 മണ്ഡലത്തില്‍നിന്ന് വിജയിക്കുന്നത്.