അമേരിക്കന്‍ ചരക്കുക്കപ്പലുകള്‍ക്ക് നേരെ ഹൂതി മിസ്സൈലാക്രമണം. ഗാസ മുനമ്പിലെ ഇസ്രായേല്‍ സൈനികനീക്കത്തിന്റെ മറുപടിയാണിതെന്നും ഹൂതികള്‍ അറിയിച്ചു. ഏദന്‍ ഉള്‍ക്കടലില്‍ നിന്ന് 100 മൈല്‍ അകലെ യാത്ര ചെയ്യുന്നതിനിടെയാണ് മിസ്സൈല്‍ പതിച്ചതെന്ന് കപ്പലിന്റെ യുഎസ് ആസ്ഥാനമായുള്ള കപ്പല്‍ ഓപ്പറേറ്റര്‍ ഈഗിള്‍ ബള്‍ക്ക് ഷിപ്പിംഗ് പറഞ്ഞു. ആക്രമണത്തില്‍ ഉരുക്ക് ഉല്‍പന്നങ്ങള്‍ കയറ്റിയ കപ്പലിന്റെ പിടിയില്‍ തീ പടര്‍ന്നെങ്കിലും പരിക്കുകളൊന്നും കപ്പല്‍ സുരക്ഷിതമായി യാത്ര തുടരുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ഹമാസിനെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ പ്രതിഷേധിച്ച് നവംബര്‍ മുതല്‍ ഹൂതികള്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിവരികയാണ്. ഇസ്രായേലീ കപ്പലുകള്‍ മാത്രമേ ആക്രമിക്കൂ എന്ന് പറഞ്ഞിരുന്ന ഹൂതികള്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. ഇനി അമേരിക്കയും തങ്ങളുടെ ആക്രമണം നേരിടേണ്ടിവരും എന്ന് ഹൂതിവക്താക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ അമേരിക്കയും ശക്തമായി തിരിച്ചടിക്കുമെന്ന നിലപാടാണ് എടുത്തിരിക്കുന്നത്.