ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ഉള്ള താലിബാന്റെ നിബന്ധനകള്‍ അംഗീകരിക്കാനാകില്ലെന്ന് യുഎന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. ദോഹയില്‍ നടന്ന യോഗത്തില്‍ അഫ്ഗാനെ പ്രതിനിധീകരിക്കാനുള്ള താലിബാന്‍ അസ്വീകാര്യമായ വ്യവസ്ഥകളാണ് മുന്നോട്ട് വച്ചത്.
ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഐക്യരാഷ്ട്രസഭയുടെ അഫ്ഗാന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് താലിബാന്‍ അസ്വീകാര്യമായ നിബന്ധനകള്‍ മുന്നോട്ട് വച്ചത്. വ്യവസ്ഥകള്‍ അംഗീകരിക്കാത്തതിനാല്‍ അഫ്ഗാന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.
അഫ്ഗാന്‍ സിവില്‍ സൊസൈറ്റിയെ ദോഹയുടെ മധ്യസ്ഥ ചര്‍ച്ചകളില്‍ നിന്നൊഴിവാക്കി താലിബാനെ അഫ്ഗാന്റെ ഭരണാധികാരിയായി അംഗീകരിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ താലിബാനെ അഫ്ഗാന്റെ ഭരണാധികാരികളായി ഒരു രാജ്യവും അംഗീകരിച്ചിട്ടില്ല.
20 വര്‍ഷം നീണ്ട യുദ്ധത്തിനും സംഘര്‍ഷങ്ങള്‍ക്കുമൊടുവില്‍ നാറ്റോ സൈന്യം വിടവാങ്ങിയതോടെ 2021ലാണ് അഫ്ഗാന്‍ വീണ്ടും താലിബാന്റെ കിരാത ഭരണത്തിന് കീഴിലായത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവകാശം നിക്ഷേധിക്കുന്ന കാലത്തോളം താലിബാനെ അംഗീകരിക്കില്ലെന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കിയത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളെല്ലാം അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യമാണെന്നും മറ്റ് രാജ്യങ്ങള്‍ ഇടപെടേണ്ടെന്നുമാണ് താലിബാന്റെ ന്യായം.