മുല്ലപ്പെരിയാറില്‍ അണക്കെട്ട് വിഷയത്തില്‍ കേരളത്തിന് നേട്ടം. ഡാമിന്റെ സുരക്ഷ ചുമതല ദേശീയ ഡാം അതോറിറ്റിക്ക് കൈമാറി. ഡാമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പുതിയ മേൽ നോട്ട സമിതിയും കേന്ദ്ര സര്‍ക്കാര്‍ രൂപികരിച്ചു.
ദേശീയ ഡാം അതോറിറ്റി ചെയര്‍മാനാണ് മോല്‍നോട്ട സമിതി അധ്യക്ഷന്‍. കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികളും വിദഗ്ധരും സമിതിയില്‍ അംഗങ്ങളാണ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കേന്ദ്ര ജലകമ്മീഷന്‍ അധ്യക്ഷനായ മുന്‍ സമിതിയില്‍ കേരളത്തിനായിരുന്നു മേല്‍ക്കൈ.
മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാന്‍, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.