ആശാവർക്കർമാരുടെ രാപ്പകൽ സമരം ഇരുപത്തിനാലാം ദിവസം. കേന്ദ്ര ഫണ്ടിനെ ചൊല്ലി കേരളവും കേന്ദ്രവും തർക്കം തുടരുന്നു. ബജറ്റിന് പുറമേ 120 കോടി അധികം നൽകിയെന്ന കേന്ദ്രവാദത്തെ തള്ളി സംസ്ഥാന സർക്കാർ. സർക്കാരിനെതിരെ സമരം കടുപ്പിച്ച് ആശാവർക്കർമാർ.
സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് തുടക്കം
സിപിഐഎം സംസ്ഥാനസമ്മേളനത്തിന് ഇന്ന് കൊടിയേറും. സമ്മേളനത്തിന് എത്തുന്ന പ്രതിനിധികളെ വരവേല്‍ക്കാന്‍ കൊല്ലം നഗരം ഒരുങ്ങി. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് സിപിഐഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായ കൊടിമര പതാക ജാഥകള്‍ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ ആശ്രാമത്ത് സീതാറാം യെച്ചൂരി നഗറില്‍ സംഗമിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയര്‍മാനുമായ കെ.എന്‍.ബാലഗോപാല്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖാ യാത്രകള്‍ സംഗമിച്ച് പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്ഥാപിക്കും.
പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സിപിഐഎം കോ ഓര്‍ഡിനേറ്റര്‍ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും വിവിധ ജില്ലകളില്‍ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേര്‍ സമ്മേളനത്തിന്റെ ഭാഗമാകും.