കൊല്ലം: കേരളത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയർത്തുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംസ്ഥാനത്ത് വികസനരംഗത്ത് ആരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളുണ്ടാകും. അടിസ്ഥാന വർഗത്തിന്റെ ഉന്നമനമാണ് പാർട്ടി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വെല്ലുവിളികളെയും പ്രതിസന്ധികളെയും തരണം ചെയ്ത് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സിപിഐഎം സംസ്ഥാന സമ്മേളനം ചരിത്രത്തിലെ നാഴികക്കല്ലായി മാറി. സമ്മേളനത്തിൽ ആരോഗ്യകരമായ ചർച്ചകൾ നടന്നു. ഒറ്റക്കെട്ടായി വെല്ലുവിളികളെ നേരിടാൻ പാർട്ടിയെ സജ്ജമാക്കും. ഇത്തവണ 17 പുതുമുഖങ്ങൾ സംസ്ഥാന കമ്മിറ്റിയിലുണ്ട്. കേന്ദ്രം അവഗണിച്ചാലും കേരളം സ്വന്തം കാലിൽ നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ചൂണ്ടിക്കാണിച്ച എല്ലാ പിന്തിരിപ്പന്മാരുടെയും ഒരു മുന്നണി കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും പാർട്ടിക്കുമെതിരായി രൂപപ്പെട്ട് വരുന്നു. ഭൂരിപക്ഷ വർഗീയതയും ന്യൂനപക്ഷ വർഗീയതയുമെല്ലാം ചേർന്ന് അവരുടെയെല്ലാം പൊതുശത്രു സിപിഐഎം ആണെന്ന് പ്രഖ്യാപിക്കുന്നു. ഈ പ്രചാരണ കോലാഹലങ്ങളെയാകെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളുടെ പിന്തുണയോടെ രണ്ടാം ടേം അധികാരത്തിൽ വന്നതുപോലെ 2026-ലെ തിരഞ്ഞെടുപ്പിലും അതിനുമുമ്പ് നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും വൻ മുന്നേറ്റം സിപിഐഎമ്മിന് സൃഷ്ടിക്കാനാകണം. അതിലൂടെ സംഘടനാപരമായ കരുത്ത് നേടിയെടുക്കണമെന്നും എം.വി. ഗോവിന്ദൻ അഭിപ്രായപ്പെട്ടു.