ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മയുടെ മറുപടിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭജൻ ലാൽ ശർമ്മ നടത്തിയ പ്രതികരണം ഏറ്റെടുത്ത് ബി.ജെ.പിക്കെതിരെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ജയ്പൂരിലെ ഇന്‍റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമിയിൽ (ഐ.ഐ.എഫ്.ഐ) മാധ്യമപ്രവർത്തകരുമായി സംവദിക്കവെ ഒരു ചോദ്യത്തിന് ബി.ജെ.പി നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ ഭജൻ ലാൽ ശർമ്മ നൽകിയ മറുപടിയാണ് ബി.ജെ.പിയെ വെട്ടിലാക്കിയത്.
ആരാണ് താങ്കളുടെ ഇഷ്ട നടൻ എന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചു. ഉടൻ ചിരിച്ചുകൊണ്ട് നരേന്ദ്ര മോദി ജി എന്ന് മറുപടി നൽകുകയായിരുന്നു ഭജൻ ലാൽ ശർമ്മ. മുഖ്യമന്ത്രിയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. പിന്നാലെ പരിഹാസവുമായി പ്രതിപക്ഷവും രംഗത്തെത്തുകയായിരുന്നു.ഇതാണ് ഞങ്ങൾ കുറേകാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിങ് എക്സിൽ കുറിച്ചു.മോദി ഒരു നേതാവല്ല, നടനാണ്. ഫോട്ടോഷൂട്ടിലും വസ്ത്രങ്ങളിലും മയക്കുന്ന പ്രസംഗം നടത്താനും മോദി വിദഗ്ധനാണെന്നും കോൺഗ്രസ് നേതാവ്ഗോവിന്ദ് സിങ് പറഞ്ഞു.കോൺഗ്രസ് നേതാവ് പവൻ ഖേരയും പരിഹാസവുമായി രംഗത്തെത്തി. ഭജൻ ലാൽ ജി, താങ്കൾ പറഞ്ഞത് ശരിയാണ്, പ്രധാനമന്ത്രി മോദി ഒരു നല്ല നടനാണ്. പക്ഷേ ചിലപ്പോൾ അദ്ദേഹം ഓവർ ആക്ടിങ് ആണെന്ന് നിങ്ങൾക്കും തോന്നാറില്ലേ? -എന്നായിരുന്നു പവൻ ഖേരയുടെ എക്സിലെ പരിഹാസം.