ഗാസയില്‍ ചൊവ്വാഴ്ച നടന്ന വ്യോമാക്രമണങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും എല്ലാ വെടിനിര്‍ത്തല്‍ ചര്‍ച്ചകളും ഇതിനിടയില്‍ നടക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികള്‍ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക എന്നീ യുദ്ധലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതു വരെ ഇസ്രയേല്‍ ആക്രമണവുമായി മുന്നോട്ട് പോകുമെന്നും ദേശീയ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത പ്രസ്താവനയില്‍ നെതന്യാഹു പറഞ്ഞു.
ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മര്‍ദ്ദം അനിവാര്യമാണെന്ന് മുന്‍കാലസംഭവങ്ങള്‍ തെളിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരി 19-ന് ആരംഭിച്ച 42 ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചതിനുപിന്നാലെ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ചയുമായി ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 404 പേര്‍ കൊല്ലപ്പെട്ടിരുന്നു.