ഇറാനില്‍ കഴിഞ്ഞ ആഴ്ച നടന്ന ഇരട്ട ബോംബാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചയാളെ തിരിച്ചറിഞ്ഞതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സികള്‍. ജനുവരി 3 ന് കെര്‍മനില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളില്‍ 90 ലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു.
കഴിഞ്ഞ മാസം പകുതിയോടെ ഇറാനില്‍ അനധികൃതമായി പ്രവേശിച്ച താജിക് പൗരനാണ് ബോംബാക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് ഇറാന്റെ ഇന്റലിന്‍സ് മന്ത്രാലയം അറിയിച്ചു.തെക്കു കിഴക്കന്‍ അതിര്‍ത്തി വഴി ഇറാനില്‍ പ്രവേശിച്ച ഇയാള്‍ പദ്ധതി ആസൂത്രണം ചെയ്യുകയും ബോംബുകള്‍ നിര്‍മ്മിക്കുകയും ചെയ്ത ശേഷം ആക്രമണത്തിന് രണ്ടു ദിവസം മുമ്പായി ഇറാനില്‍ രക്ഷപ്പെടുകയും ചെയ്തുവെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
അതിര്‍ത്തി പ്രവിശ്യകളില്‍ നിന്നടക്കം ബോംബാക്രമണങ്ങളുമായി ബന്ധപ്പെട്ട് 35 പേരെ അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ട് ചെയ്തു.14 അഫ്ഗാന്‍ പൗരന്‍മാരടക്കം 94 പേരാണ് രണ്ട് ആക്രമണങ്ങളിലുമായി കൊല്ലപ്പെട്ടത്. ആക്രമണങ്ങള്‍ക്കു പിന്നാലെ തീവ്രവാദ സംഘടനയായ ഐഎസ്‌ഐഎല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.