കേന്ദ്ര സര്‍ക്കാരിനെതിരെ സംസ്ഥാന സർക്കാർ നടത്തുന്ന ദില്ലി പ്രക്ഷോഭത്തിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ക്ഷണം.മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണപ്പത്രം മന്ത്രി രാജീവ് സ്റ്റാലിന് കൈമാറി. യൂണിയന്‍ സര്‍ക്കാരിന്റെ നയങ്ങളെ യോജിച്ച് നിന്ന് എതിര്‍ക്കേണ്ടതാണെന്ന് കൂടിക്കാഴ്ചക്കിടെ സ്റ്റാലിന്‍ പറഞ്ഞതായി മന്ത്രി രാജീവ് അറിയിച്ചു.
കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ദില്ലിയില്‍ നടത്തുന്ന ജനകീയ പ്രതിരോധ പരിപാടിയിലേക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ക്ഷണപ്പത്രം മന്ത്രി പി രാജീവ് ചെന്നൈയിലെത്തി സ്റ്റാലിന് കൈമാറി.
തുടർന്ന് സംസ്ഥാനങ്ങളെ ധനപരമായി ഞെരുക്കുന്ന യൂണിയന്‍ സര്‍ക്കാരിന്റെ നയത്തെ യോജിച്ച് എതിര്‍ക്കേണ്ടതാണെന്ന് സ്റ്റാലിന്‍ പറഞ്ഞതായി മന്ത്രി അറിയിച്ചു. കേരളത്തിന്റെ പ്രതിഷേധത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായ എം.കെ.സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി രാജീവ് പറഞ്ഞു. തമിഴ്‌നാട് ധനകാര്യ വകുപ്പ് മന്ത്രി തങ്കം തെന്നരസ്, ചീഫ് സെക്രട്ടറി ശിവദാസ് മീണ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ദില്ലിയിലെ കേരള ഹൗസില്‍ നിന്ന് ഫെബ്രുവരി എട്ടിന് രാവിലെ 11 മണിക്ക് പ്രതിഷേധ ജാഥയായിട്ടാണ് ജനപ്രതിനിധികള്‍ ജന്തര്‍ മന്ദിറിലേക്ക് തിരിക്കുക. മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎല്‍എമാരും സമരത്തില്‍ പങ്കെടുക്കും. സമരത്തിൽ കൂടുതൽ പേരെ അണിനിരത്തി ജനകീയ പ്രക്ഷോഭമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ.