Share this Article
രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള ഇലക്ട്രല്‍ ബോണ്ട് സ്‌കീം റദ്ദാക്കി സൂപ്രീം കോടതി

Supreme Court struck down electoral bond scheme for political parties

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി സുപ്രീം കോടതി.ഇതുവരെയുള്ള ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണമെന്നും വിവരങ്ങള്‍ അടുത്തമാസം 13ന് അകം കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.ഇലക്ടറല്‍ ബോണ്ടുകളുടെ വിതരണം നിര്‍ത്താന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും സുപ്രീം കോടതി നിര്‍ദേശം നല്‍കി.


പൗരന്‍റെ വിവരാവകാശത്തിന്‍റെ ലംഘനമാണ് ഇലക്ടറല്‍ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച്  വിധി പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്‍റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്‍റെയും ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവർ അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്‍റേതാണ് വിധി.കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയത് ഭരണഘടന വിരുദ്ധമാണെന്നും ഇലക്ടറല്‍ ബോണ്ട് പൗരന്‍റെ വിവരാവകാശത്തെ ലംഘിക്കുന്നുവെന്നും സുപ്രീകോടതി ചൂണ്ടിക്കാട്ടി.

പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയെക്കുറിച്ച്‌ അറിയാന്‍ വോട്ടര്‍മാര്‍ക്കും പാര്‍ട്ടിയിലെ അംഗങ്ങള്‍ക്കും അവകാശമുണ്ട്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏകമാര്‍ഗമല്ല ഇലക്ടറല്‍ ബോണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.കള്ളപ്പണം തടയാനെന്ന പേരില്‍ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാനാകില്ല. അത് ഭരണഘടന ലംഘനമാണ്.

സംഭാവന നല്‍കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്വാധീനം ലഭിക്കും. ഇലക്ടറല്‍ ബോണ്ട് വിവരാവകാശ നിയമം ലംഘിക്കുന്നുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.അംഗീകൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പ് ബോണ്ട് വാങ്ങി രാഷ്ട്രീയപ്പാർട്ടികള്‍ക്ക് സംഭാവനയായി നല്‍കാമെന്നതാണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി.

ലഭിക്കുന്ന ബോണ്ടുകള്‍ 15 ദിവസത്തിനകം പാർട്ടികള്‍ക്ക് പണമാക്കി മാറ്റാം. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാണെന്നതാണ് പദ്ധതിയുടെ പ്രത്യേകത. അതിലെ സുതാര്യതക്കുറവുതന്നെയാണ് ചോദ്യംചെയ്യപ്പെട്ടതും.അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്, കോമണ്‍ കോസ് തുടങ്ങിയ സംഘടനകളാണ് ബോണ്ട് പദ്ധതിക്കെതിരെ ഹര്‍ജി നല്‍കിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories