‘ഡീപ് ഫേക്’ വിഡിയോകൾ കൊണ്ട് കൂടുതലും നട്ടം തിരിയുന്നത് സിനിമാതാരങ്ങളാണ്. തങ്ങളുടെ വിഡിയോകൾ പ്രചരിക്കുന്നുണ്ടെന്ന് അറിയുന്നത് പോലും വളരെ വൈകിയായിരിക്കും. വിഡിയോയിൽ ഉള്ളത് താനല്ലെന്ന് പറഞ്ഞാലും പലരും വിശ്വസിക്കുകയും ഇല്ല. ഇപ്പോഴിതാ സ്വന്തം ‘ഡീപ് ഫേക്’ പോണ്‍ വിഡിയോ തയാറാക്കി ബ്രിട്ടിഷ് നടി വിക്കി പാറ്റിസൺ. ചാനല്‍ ഫോര്‍ നിര്‍മിക്കുന്ന ഡോക്യുമെന്‍ററിക്കായി തയാറാക്കിയ വിഡിയോയുടെ ഭാഗങ്ങള്‍ പാറ്റിസണ്‍ ലീക്ക് ചെയ്തതായി ‘ദ് സണ്‍’ റിപ്പോര്‍ട്ട് ചെയ്തു. വിക്കി പാറ്റിസണ്‍ തന്നെയാണ് ഡോക്യുമെന്‍റിയുടെ സംവിധായിക. ഈമാസം 28 മുതല്‍ ചാനല്‍ ഫോര്‍ പരിപാടി സംപ്രേഷണം ചെയ്യും.എഐയുടെ ദോഷങ്ങളെക്കുറിച്ചുള്ള ബോധവല്‍കരണത്തിനെന്ന പേരിലാണ് ‘ഡീപ് ഫേക്’ പോണ്‍ വിഡിയോ തയാറാക്കിയത്.
AI (നിര്‍മിതബുദ്ധി) ഉപയോഗിച്ചാണ് പോണ്‍ വിഡിയോ തയാറാക്കിയതെന്ന് പാറ്റിസണ്‍ വെളിപ്പെടുത്തി. അഡള്‍ട്ട് സിനിമകളില്‍ അഭിനയിക്കുന്ന നടീനടന്മാരെ ഉള്‍പ്പെടുത്തിയാണ് വിഡിയോ ചിത്രീകരിച്ചത്. തുടര്‍ന്ന് അതില്‍ ഒരാളുടെ മുഖത്ത് വിക്കി സ്വന്തം മുഖം എഐ ഉപയോഗിച്ച് ഉള്‍പ്പെടുത്തി. ഇങ്ങനെയാണ് ഹൈപ്പര്‍ റിയലിസ്റ്റിക് ഡീപ് ഫേക് വിഡിയോ രൂപപ്പെടുത്തിയത്. ഫോട്ടോകള്‍ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡീപ് ഫേക് വിഡിയോകള്‍ സമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകളില്‍ സൃഷ്ടിക്കുന്ന ഭയാശങ്കകള്‍ തുറന്നുകാട്ടുകയായിരുന്നു ലക്ഷ്യമെന്ന് വിക്കി പാറ്റിസണ്‍ അവകാശപ്പെടുന്നു.
വിഡിയോയുടെ ഒരു ഭാഗം താരം പുറത്തുവിട്ടു. ഇതിന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഡീപ് ഫേക് വിഡിയോയില്‍ സ്വന്തം മുഖം ഉള്‍പ്പെടുത്താനുള്ള തീരുമാനം അത്യന്തം വിഷമം പിടിച്ചതായിരുന്നുവെന്ന് പാറ്റിസണ്‍ പറഞ്ഞു. 37–കാരിയായ താരം അടുത്തിടെയാണ് വിവാഹിതയായത്. ഡീപ് ഫേക്കുകള്‍ കാരണം ഏറെ ബുദ്ധിമുട്ടനുഭവിച്ചയാളാണ് താനെന്നും സ്ത്രീകളുടെ പ്രശ്നങ്ങളിലേക്ക് സമൂഹത്തിന്‍റെ ശ്രദ്ധ തിരിക്കാന്‍ ഇത് അനിവാര്യമായിരുന്നുവെന്നുമാണ് അവരുടെ ന്യായീകരണം.