ജെറുസലേം: ഗാസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ശനിയാഴ്ച ഹമാസ് നാല് വനിതാ ഇസ്രയേല്‍ സൈനികരെ അന്താരാഷ്ട്ര റെഡ് ക്രോസിന് കൈമാറി. കരീന അരിയേവ്, ഡാനിയേല ഗില്‍ബോവ, നാമ ലെവി, ലിറി ആല്‍ബഗ് എന്നിവരെയാണ് കൈമാറിയത്. 477 ദിവസം തടവില്‍ പാര്‍പ്പിച്ചിരുന്ന സ്ത്രീകളെയാണ് മോചിപ്പിച്ചത്. സൈനിക ശൈലിയിലുള്ള യൂണിഫോമുകളും തടവുകാര്‍ നല്‍കിയ ബാഗുകളും ധരിച്ചാണ് നാല് സ്ത്രീകളും എത്തിയത്.
ഗാസയിലെ 15 മാസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം പലസ്തീന്‍ തടവുകാരെയും വിട്ടയയ്ക്കും. 2027 ഒക്ടോബര്‍ ഏഴിനാണ് ഈ നാല് പേരെയും ഹമാസ് കടത്തിക്കൊണ്ടുപോകുന്നത്. കൈമാറ്റത്തിന്റെ ഭാഗമായി ശനിയാഴ്ച 200 തടവുകാരെ വിട്ടയയ്ക്കുമെന്ന് ഹമാസ് അറിയിച്ചു. ഈ ഞായറാഴ്ച വെടിനിര്‍ത്തല്‍ ആരംഭിച്ചതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. 90 പലസ്തീന്‍ തടവുകാരെ വിട്ടയച്ചതിന് പകരമായി ഹമാസ് മൂന്ന് ഇസ്രയേല്‍ പൗരന്‍മാരെ വിട്ടയച്ചിരുന്നു.
അമേരിക്കയുടെ പിന്തുണയോടെ ഖത്തറും ഈജിപ്തും ചേര്‍ന്ന് മാസങ്ങള്‍ നീണ്ട ചര്‍ച്ചകളിലൂടെയാണ് വെടിനിര്‍ത്തല്‍ നടപ്പിലാക്കിയത്. 2023 ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ഇസ്രയേല്‍ ആക്രമിക്കുന്നത്. ആക്രമണത്തില്‍ ഏകദേശം 1200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ഹമാസ് ബന്ദിയാക്കുകയും ചെയ്തു. തുടര്‍ന്ന് ഇസ്രയേല്‍ ശക്തമായി തിരിച്ചടിച്ചു. തുടര്‍ന്നുണ്ടായ ആക്രമണത്തില്‍ 45,000 പേരുടെ ജീവന്‍ പൊലിഞ്ഞുവെന്ന് ഗാസ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.