മഷാദ്: രാജ്യത്തെ സ്ത്രീകളുടെ വസ്ത്രധാരണ നിയമത്തിനെതിരെ ഇറാനിൽ വീണ്ടും പ്രതിഷേധം കനക്കുന്നു.പൂർണ നഗ്നയായ സ്ത്രീ നഗരത്തിൽ നിറുത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന് മുകളിൽ കയറിയാണ് പ്രതിഷേധിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഇറാനിലെ മഷാദിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്.മഷാദിലെ തിരക്കേറിയ തെരുവിലായിരുന്നു യുവതി നഗ്നയായെത്തി പ്രതിഷേധിച്ചത്. തുടർന്ന് യുവതി പൊലീസ് വാഹനത്തിൻ്റെ വിൻഡ്‌ഷീൽഡിന് മുകളിൽ കയറി പ്രത്യേക ആംഗ്യം കാണിക്കുന്നതായും വീഡിയോയിൽ കാണാം. ഉദ്യോഗസ്ഥർ ഇവരെ താഴെയിറക്കാൻ ശ്രമിക്കുന്നുണ്ട്. മറ്റൊരു ഉദ്യോഗസ്ഥന്‍ ആയുധം എടുക്കാനായി വാഹനത്തിനുള്ളിലെത്തിയിട്ടും യുവതി താഴെയിറങ്ങാന്‍ വിസമ്മതിച്ചു.
സ്ത്രീ നഗ്നയായതിനാൽ അവരെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് മടി കാണിച്ചതായി യൂറോന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.ഇറാനിലെ വസ്ത്ര നിയമങ്ങൾക്കെതിരെയായിരുന്നു യുവതിയുടെ പ്രതിഷേധമെന്ന് സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സ്ത്രീയുടെ ധീരമായ പ്രതിഷേധത്തിൽ പലതരം പ്രതികരണങ്ങളും ഉയരുന്നുണ്ട്. ചിലർ യുവതിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് പറയുമ്പോൾ, മറ്റുള്ളവർ രാജ്യത്തെ കർശന വസ്ത്ര നിയമങ്ങൾക്കെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായി ഇവരെ വാഴ്ത്തുകയും ചെയ്തു.