Share this Article
Union Budget
കൂടിക്കാഴ്ചയിൽ മോദിക്ക് ശ്രദ്ധേയമായ സമ്മാനം നൽകി മസ്‌ക്; മസ്കിന്റെ കുട്ടികള്‍ക്ക് മോദിയുടെ പ്രത്യേക സമ്മാനവും
വെബ് ടീം
posted on 14-02-2025
1 min read
modi-elon musk

വാഷിങ്ടണ്‍: അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡ‍ൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ടെസ്‌ലയുടെ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്കിനെ വാഷിങ്ടണ്ണിലെ ബ്ലെയര്‍ ഹൗസില്‍ സന്ദര്‍ശിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ വളരെ ശ്രദ്ധേയമായ സമ്മാനമാണ് ഇലോണ്‍ മസക് ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് കൈമാറിയത്.2024-ൽ പരീക്ഷണാടിസ്ഥാനത്തില്‍ വിക്ഷേപിച്ച  സ്‌പെയ്‌സ് എക്‌സ്  സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം വിമാനത്തില്‍ ഉപയോഗിച്ചിരുന്ന ഹീറ്റ്ഷീല്‍ഡ് ടൈലാണ് മസ്‌ക്, മോദിക്ക് സമ്മാനിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന ചൂടില്‍ സ്‌പെയ്സ് ക്രാഫ്റ്റിന് സംരക്ഷണം നല്‍കുന്നതിനാണ് ഹീറ്റ്ഷീല്‍ഡ് ടൈലുകള്‍ ഉപയോഗിക്കുന്നത്. ഹെക്‌സഗണല്‍ ഷേപ്പിലുള്ള സെറാമിക് ഹീറ്റ്ഷീല്‍ഡ് ടൈലുകളാണ് സ്റ്റാര്‍ഷിപ്പില്‍ ഉപയോഗിച്ചിരുന്നത്. 

2024 ഒക്ടോബര്‍ 13-നാണ് സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം ടെസ്റ്റ് ഫ്‌ളൈറ്റ് വിക്ഷേപിച്ചത്.സ്റ്റാര്‍ഷിപ്പ് പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോഴുള്ള ഉയര്‍ന്ന അന്തരീക്ഷ ഊഷ്മാവിനെ പ്രതിരോധിക്കുന്നതിനായാണ് സെറാമിക് ഹീറ്റ്ഷീല്‍ഡ് ടൈലുകള്‍ ഉപയോഗിക്കുന്നത്. എയറോ സ്‌പേസ് സാങ്കേതികവിദ്യയില്‍ സുപ്രധാന നേട്ടമെന്ന് വിശേഷിപ്പിക്കുന്ന സ്റ്റാര്‍ഷിപ്പിന്റെ അഞ്ചാം ടെസ്റ്റ് ഫ്‌ളൈറ്റില്‍ ഉപയോഗിച്ച ഹീറ്റ്ഷീല്‍ഡാണ് ടെസ്‌ല മേധാവി മോദിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോര്‍ട്ട്.അതേസമയം, മസ്‌കിന്റെ കുട്ടികള്‍ക്കായി മോദിയും സമ്മാനം കരുതിയിരുന്നു. രബീന്ദ്രനാഥ് ടാഗോറിന്റെ ദി ക്രെസന്റ് മൂണ്‍, ആര്‍.കെ.നാരായണിന്റെ കൃതികള്‍, പണ്ഡിറ്റ് വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്ര എന്നിവയാണ് മോദി, മസ്‌കിന്റെ കുട്ടികള്‍ക്ക് സമ്മാനിച്ച പുസ്തകങ്ങള്‍. കുട്ടികള്‍ ഈ പുസ്തകം വായിക്കുന്നതിന്റെ ചിത്രങ്ങളും നരേന്ദ്ര മോദി എക്‌സില്‍ പങ്കുവെച്ചിരുന്നു.ഇലോണ്‍ മസ്‌കുമായി ഏറ്റവും മികച്ച കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചുവെന്നും സ്‌പേസ്, മൊബിലിറ്റി, ടെക്‌നോളജി, ഇന്നൊവേഷന്‍ തുടങ്ങി അദ്ദേഹത്തിന് താത്പര്യമുള്ള മേഖലകളില്‍ വിശാലമായ ചര്‍ച്ചകള്‍ ഉണ്ടായെന്നും മോദി എക്സിൽ കുറിച്ചു. മിനിമം ഗവണ്‍മെന്റ് മാക്‌സിമം ഗവേണന്‍സ് എന്ന ഇന്ത്യയുടെ ആശയം താന്‍ അദ്ദേഹത്തോടും പങ്കുവെച്ചെന്നും മോദി കുറിച്ചു.


പ്രധാനമന്ത്രി പങ്കുവച്ച ചിത്രങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories