റഷ്യൻ മദ്യ കമ്പനിയുടെ ബിയർ ക്യാനിൽ മഹാത്മാഗാന്ധിയുടെ പേരും ചിത്രവും ഉപയോഗിച്ചതിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധവും വിമർശനവും. ഗാന്ധിയുടെ പേരും ചിത്രവും പതിച്ച, റഷ്യൻ ബ്രാൻഡായ റിവോട്ടിന്റെ ബിയർ ക്യാനുകളുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധം.രാഷ്ട്രീയ പ്രവർത്തകനും മുൻ ഒഡീഷ മുഖ്യമന്ത്രി നന്ദിനി സത്പതിയുടെ കൊച്ചുമകനുമായ സുപർണോ സത്പതി ഈ ചിത്രങ്ങൾ പങ്കുവെക്കുകയും ഇന്ത്യൻ അധികൃതർ റഷ്യയുമായി വിഷയം ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു.
പ്രധാന മന്ത്രി നരേന്ദ്രമോദിജിയോട് എന്റെ വിനീതമായ അഭ്യർഥനയാണിത്. താങ്കളുടെ സുഹൃത്തായ റഷ്യൻ പ്രസിഡന്റിനോട് ഈ വിഷയം ചർച്ച ചെയ്യണം, അദ്ദേഹം എക്സിൽ കുറിച്ചു.അതേസമയം, ഗാന്ധിജിയോടുള്ള അനാദരവ് ചൂണ്ടിക്കാട്ടി നിരവധിപേരാണ് സാമൂഹിക മാധ്യമങ്ങളിൽ മദ്യക്കമ്പനിക്കെതിരേ രംഗത്തുവരുന്നത്. ഇതൊരിക്കലും അംഗീകരിക്കാനാകില്ല, ഗാന്ധിയെ പോലെ ലോകം ആരാധിക്കുന്ന ഒരു നേതാവും മദ്യവും തമ്മിൽ എന്ത് ബന്ധം എന്നായിരുന്നു ഒരാളുടെ പ്രതികരണം.അതേസമയം, ഗാന്ധിജിയുടെ പേരും ചിത്രവുമുള്ള റിവോട്ട് ബിയർ ക്യാനിന്റെ ഒരു വീഡിയോ ഇൻസ്റ്റഗ്രമിലും പ്രചരിക്കുന്നുണ്ട്. ഇതും പ്രതിഷേധങ്ങൾക്ക് ആക്കം കൂട്ടുകയാണ്.