ഖാര്‍തും: സുഡാനിലെ ഖാര്‍തുമില്‍ സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര്‍ കൊല്ലപ്പെട്ടു. ഖാര്‍തുമിലെ ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ സൈനികര്‍ക്ക് പുറമെ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്.ഉന്നത സൈനികോദ്യോഗസ്ഥര്‍ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മേജര്‍ ജനറല്‍ ബഹര്‍ അഹമ്മദ് അപകടത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നാണ് സുഡാനിലെ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.ഒംദുര്‍മനിലെ വാദി സെയ്ദ്‌ന എയര്‍ ബേസില്‍നിന്ന് പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2023 ഏപ്രില്‍ മുതല്‍ സൈന്യവും പാരാമിലിട്ടറിയും തമ്മില്‍ അധികാരത്തിന് വേണ്ടി പരസ്പരം പോരടിക്കുന്ന രാജ്യമാണ് സുഡാന്‍.