വാഷിംഗ്ടൺ: യുക്രൈന് നൽകിവരുന്ന സൈനിക സഹായം യുണൈറ്റഡ് സ്റ്റേറ്റ്സ് നിർത്തിവെച്ചു. കഴിഞ്ഞ ദിവസം യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ തീരുമാനം. യുഎസ് സഹായം ഇല്ലാതാകുന്നതോടെ റഷ്യൻ സൈന്യത്തെ നേരിടാൻ യുക്രൈൻ കൂടുതൽ ബുദ്ധിമുട്ടിലാകും എന്ന് വിലയിരുത്തപ്പെടുന്നു.
"സമാധാനത്തിനു വേണ്ടിയാണ് താൻ നിലകൊള്ളുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഈ ലക്ഷ്യത്തിൽ മറ്റു പങ്കാളികളും തന്നോടൊപ്പം ചേരണം എന്നും അദ്ദേഹം ആഗ്രഹിക്കുന്നു" എന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു. എന്നാൽ ഈ വിഷയത്തിൽ സെലെൻസ്കിയുടെ ഓഫീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് തുടർച്ചയായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ഓവൽ ഓഫീസിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ സെലെൻസ്കിയും ട്രംപും തമ്മിൽ വാക്കേറ്റവും അധിക്ഷേപവും ഉണ്ടായെന്നും ഇത് ചർച്ചകളെ വഴിമുട്ടിച്ചു എന്നും പറയപ്പെടുന്നു. സൈനിക സഹായം മരവിപ്പിച്ചത് എത്രത്തോളം കാലത്തേക്കാണെന്നോ അല്ലെങ്കിൽ അതിന്റെ വ്യാപ്തി എത്രയാണെന്നോ വ്യക്തമല്ല.
സൈനിക സഹായം മുടങ്ങുന്നതോടെ യുക്രൈൻ പ്രതിരോധത്തിലാകും. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ ട്രംപ് നിർദ്ദേശിച്ചു. മുൻപ് ജോ ബൈഡൻ സർക്കാർ യുക്രൈന് 65 ബില്യൺ ഡോളർ സൈനിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ട്രംപ് ഭരണകൂടം പുതിയ സഹായങ്ങളൊന്നും അംഗീകരിച്ചിട്ടില്ല.