ആശ വര്‍ക്കര്‍മാരുടെ സമരത്തിനെതിരെ മുഖപ്രസംഗവുമായി സിപിഐഎം മുഖപത്രം. സമര നേതൃത്വം അടിക്കടി ആവശ്യങ്ങള്‍ മാറ്റുകയാണെന്നാണ് മുഖപ്രസംഗത്തിലെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം സമരം ചെയ്യുന്നവര്‍ മറച്ചു പിടിക്കുന്നു. സമരത്തിന്റെ പൊള്ളത്തരം ഓരോ ദിവസം കഴിയുമ്പോഴും പുറത്തുവരുന്നുവെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു.
ആശമാര്‍ക്ക് നീതി ഉറപ്പാക്കാന്‍ ആദ്യം ചെയ്യേണ്ടത് അവരെ സ്ഥിരം തൊഴിലാളികളായി അംഗീകരിക്കുകയാണ്. ഇത് സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഈ രീതിയില്‍ പിന്തിരിപ്പന്‍ നിലപാട് സ്വീകരിക്കുന്നവരുടെ പ്രതിനിധികളെയാണ് സമരത്തിലേക്ക് ആനയിക്കുന്നതെന്ന് മുഖപ്രസംഗം വിമര്‍ശിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി ആശമാരുടെ സമരപ്പന്തല്‍ സന്ദര്‍ശിച്ചതിന്റെ കൂടി പശ്ചാത്തലത്തിലാണ് സിപിഐഎം മുഖപത്രത്തിന്റെ വിമര്‍ശനം.