ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക യോഗം ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വിളിച്ച യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, യുണീക് ഐഡിന്റിഫിക്കേഷന്‍ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി എന്നിവര്‍ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെയും നിയമനിര്‍മാണ വകുപ്പിലെയും സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുക്കും.
2021 ല്‍ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടുവന്നിരുന്നു. ഈ വ്യവസ്ഥയനുസരിച്ച് 66 കോടിയോളം പേരുടെ ആധാര്‍ നമ്പര്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ആധാറും വോട്ടര്‍ ഐഡിക്കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചാല്‍ ക്രമക്കേടിനുള്ള സാധ്യത കുറയക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.