ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ നാഗ്പൂരിലുണ്ടായ സഘര്‍ഷത്തിന് പിന്നാലെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം വിശ്വ ഹിന്ദു പരിഷത്തിന്റെയും ബജ്റംഗ്ദളിന്റെയും പ്രവര്‍ത്തകര്‍ ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യവുമായി ഒത്തുകൂടിയതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായത്. പിന്നീട് ഭല്‍ദാര്‍പുരയില്‍ നൂറോളം പേര്‍ സംഘടിച്ചെത്തുകയും സംഘര്‍ഷത്തിലേക്കെത്തുകയുമായിരുന്നു. ഇരുവിഭാഗവും തമ്മിലുള്ള സംഘര്‍ഷത്തില്‍ പൊലീസിന് നേരെ കല്ലേറുണ്ടായി.
ആള്‍ക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പൊലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. നിലവില്‍ കൂടുതല്‍ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സംഘര്‍ഷം രൂക്ഷമായതോടെ സമാധാനത്തിന് നേതാക്കള്‍ ആഹ്വാനം ചെയ്തു. അഭ്യൂഹങ്ങളില്‍ വിശ്വസിക്കരുതെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.