ബീജിംഗ്: കൊറോണയ്ക്ക് ശേഷം ചൈനയില്‍ ഭീതിപടര്‍ത്തി വീണ്ടുമൊരു വൈറസ് വ്യാപനം. ഹ്യൂമണ്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) വ്യാപകമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രോഗബാധയെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറയുന്നതായുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചൈനയുടെ വടക്കന്‍ പ്രദേശങ്ങളിലാണ് രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് പോലെ എല്ലാ പ്രായത്തില്‍പെട്ട ആളുകളേയും ഗുരുതരമായി ബാധിക്കുന്ന രോഗം കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്.
സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ചൈനയോ ലോകാരോഗ്യ സംഘടനയോ ഇത് വരെ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
ഇരുപത് വര്‍ഷം മുമ്പാണ് HMPV വൈറസ് കണ്ടെത്തുന്നത്. എന്നാല്‍, വൈറസിനെ ചെറുക്കാനുള്ള വാക്‌സിന്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. വൈറസ് വ്യാപനം തടയാന്‍ പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും ജാഗ്രത പുലര്‍ത്താനും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് വ്യാപന സമയത്തുണ്ടായിരുന്നത് പോലെ മാസ്‌ക് ധരിക്കാനും കൈകള്‍ വൃത്തിയായി സൂക്ഷിക്കാനും നിര്‍ദേശമുണ്ട്.
രോഗവ്യാപന സാഹചര്യത്തില്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും ജാഗ്രതയിലാണ്. ചൈനയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങള്‍ കര്‍ശനമായ നിരീക്ഷണ നടപടികള്‍ നടപ്പിലാക്കുന്നുണ്ട്. ഹോങ്കോങ്ങിലും ചില കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.