ഇന്ത്യക്ക് പുറമെ യുഎസ്, യൂറോപ്പ്, കാനഡ തുടങ്ങിയ രാജ്യങ്ങളും സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ടിക് ടോക്ക് നിരോധിക്കാനുള്ള ശ്രമങ്ങൾ ശക്തമാക്കി. ലൊക്കേഷൻ വിവരങ്ങൾ പോലുള്ള സെൻസിറ്റീവ് ഉപയോക്തൃ ഡാറ്റ ചൈനയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്ന ആശങ്കയ്ക്കിടെയാണ് നടപടി. ചൈനീസ് കമ്പനിയായ ബൈറ്റ് ഡാൻസിൻ്റെ കീഴിലാണ് ടിക് ടോക്ക്. ചൈനീസ് സർക്കാരിന് അവിടുത്തെ കമ്പനികളിൽ നിന്ന് ഡാറ്റ ആവശ്യപ്പെടാൻ അനുവദിക്കുന്ന നിയമങ്ങൾ ഉള്ളത് ചൂണ്ടിക്കാട്ടിയാണ് ഈ രാജ്യങ്ങളുടെ നടപടി. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ചൈന ടിക് ടോക്കിനെ ആശ്രയിക്കുമെന്നാണ് പ്രധാന ആശങ്ക.
2016 സെപ്റ്റംബറിൽ ചൈനയിൽ ആയിരുന്നു ടിക് ടോക്കിൻ്റെ പിറവി. ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോകൾ നിർമ്മിച്ച് ഷെയർ ചെയ്യാൻ വെണ്ടിയുള്ള ഒരു ആപ്പ് ആയിരുന്നു ഇത്. ഡുവൈൻ എന്ന പേരിൽ ചൈനയിൽ അവതരിപ്പിച്ച ഈ ആപ്പ് പിന്നീട് ആണ് ടിക് ടോക്ക് എന്ന പേരിൽ മറ്റ് രാജ്യങ്ങളിൽ പ്രശസ്തമായത്.
2018ഓടെ ഏഷ്യൻ അമേരിക്കൻ രാജ്യങ്ങളിൽ ടിക്ടോക്ക് ജനപ്രിയമായി. 2018ൽ അമേരിക്കയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്ത സോഷ്യൽ മീഡിയ ആപ്ലിക്കേഷനാണ് ടിക് ടോക്ക്.
2020 ലാണ് ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചത്. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി 300 ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിച്ചതിനൊപ്പമാണ് ടിക് ടോക്കും നിരോധിച്ചത്. 2019ൽ ആൻഡ്രോയിഡിൽ ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്പ് ടിക് ടോക്കണ്.